ശനിയാഴ്ച പ്രവൃത്തി ദിനം: ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയെന്ന് കെപിഎസ്ടിഎ
1441635
Saturday, August 3, 2024 6:00 AM IST
കൊല്ലം: ശനിയാഴ്ച പ്രവൃത്തി ദിനം റദ്ദാക്കിയ ഹൈക്കോടതി വിധി സർക്കാരിന്റെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണെന്ന് കെപിഎസ്ടിഎ കൊല്ലം ജില്ലാ കമ്മറ്റി.യാതൊരു കൂടിയാലോചനകളുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ തയാറാക്കിയതാണിത്.
പുതിയ നയങ്ങൾ നടപ്പിലാക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദകൾ പോലും സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ചില്ല. ഹൈക്കോടതിയിൽ തങ്ങളുടെ ന്യായം സമർഥിക്കാൻ സർക്കാർ ശക്തമായ വാദങ്ങൾ കൊണ്ടു വന്നെങ്കിലും അതെല്ലാം കോടതി പൂർണമായി തള്ളിക്കളഞ്ഞു.
പ്രൈമറി, ഹൈസ്കൂൾ മേഖലകളെ രണ്ട് തട്ടാക്കി ഭിന്നിപ്പിക്കാനുള്ള സർക്കാരിന്റെ ഗൂഢശ്രമവും ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായി.
ഹൈക്കോടതി വിധി പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിക്ക് വിധി ഗുണകരമാകുമെന്നും സർക്കാരിനൊപ്പം ചേർന്ന് അധ്യാപകരെ വഞ്ചിച്ച ഭരണ വിലാസം സംഘടനകൾ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ജില്ലാകമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ബി. ജയചന്ദ്രൻ പിള്ള, പി.എസ്. മനോജ്, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, എ. ഹാരിസ് പി. മണികണ്ഠൻ, സി. സാജൻ, പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ജില്ലാ ട്രഷറർ ബിജുമോൻ സി.പി. ഷാജൻ സഖറിയ, ബിനോയ് കൽപകം , ബി. റോയി, ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.