പ്രതിഷേധം വ്യാപകം : കുളപ്പാറയിൽ പാറ ഖനനത്തിന് അനുമതി
1441633
Saturday, August 3, 2024 6:00 AM IST
പട്ടാഴി: കുളപ്പാറയിൽ പാറ ഖനനത്തിന് അനുമതി നൽകിയതിൽ പ്രതിഷേധം വ്യാപകമാകുന്നു. ജൈവ വൈവിധ്യങ്ങളാൽ ശ്രദ്ധേയമായ ഈ മേഖലയിൽ പാറഖനനം നടത്താൻ മാഫിയകൾ പലതവണ ശ്രമം നടത്തിയതാണ്.
എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഖനനം നടന്നില്ല. അടുത്തിടെ ഇക്കാര്യത്തിൽ പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയ സംഭവമാണ് വിവാദമാകുന്നത്.
ഐതിഹ്യങ്ങൾ നിറഞ്ഞ ഈ പ്രദേശത്ത് കാട്ടാമല ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. വാട്ടർ അഥോറിറ്റിയുടെ വാട്ടർ ടാങ്ക് പ്രവർത്തിയ്ക്കുന്നുണ്ട്. മെയിൻ റോഡിനോടു ചേർന്നുള്ള പ്രദേശമാണിത്.
ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാതെ പാറ ഖനനത്തിന് അനുമതി നൽകിയതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാരായ എ.എ. മജീദ്, മീനം രാജേഷ്, വാർഡ് മുൻ മെമ്പർ റജിമോൻ ജേക്കബ് എന്നിവർ ഇതിനെതിരേ രംഗത്തുവന്നു.
യാതൊരു കാരണവശാലും ഇവിടെ പാറഖനനം അനുവദിക്കില്ലെന്ന് ഇവർ അറിയിച്ചു.
മുമ്പും ഈ മേഖലയിലെ പാറപൊട്ടിക്കലിനെതിരേ ഇവർ കോടതിയെ സമീപിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ മനസിലാക്കാതെ പാറ ഖനനത്തിന് അനുമതി നൽകിയ സംഭവം വിവാദമായതോടെ വിഷയങ്ങളുമായി ബന്ധമില്ലെന്ന് പറഞ്ഞ് കൈമലർത്താനാണ് ബന്ധപ്പെട്ടവർ തയാറാകുന്നത്.
ജനങ്ങൾ താമസിക്കുന്ന ഈ മേഖലയിൽ പാറപൊട്ടിക്കൽ വലിയ ദുരന്തങ്ങൾക്കു കാരണമായേക്കും. അതിനാൽ പാറ ഖനനം നടത്താനുള്ള നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നാണ് ആവശ്യം ഉയരുന്നത്.