ബിഎസ്എന്‍എല്‍ കേബിൾ മോഷണം: മൂന്നുപേര്‍ പിടിയില്‍
1441624
Saturday, August 3, 2024 5:48 AM IST
അഞ്ചല്‍ : പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. ആദിച്ചനല്ലൂർ കാഞ്ഞിരംകടവ് രത്ന വിലാസത്തിൽ രഹിൻ (31), കൊട്ടിയം സിതാര ജഗ്ഷനിൽ മനു ഭവനിൽ മനു (41), സിതാര ജഗ്ഷനിൽ രാഹുൽ (39)എവരെയാണ് ചടയമംഗലം പോലീസ് കഴിഞ്ഞ ദിവസം രാത്രിയില്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പട്രോളിംഗിനിടെ ആയൂർ തോട്ടത്തറ ഭാഗത്ത് സംശയാസ്പദമായി പാതയോരത്ത് കണ്ട വാഹനം പരിശോധിക്കവേയാണ് മോഷണ വിവരം പോലീസ് മനസിലാക്കുന്നത്. തുടര്‍ന്ന് മൂവര്‍ സംഘത്തെ ചടയമംഗലം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കേബിളുകള്‍ മോഷ്ടിച്ചു കടത്തുന്നതിനെ കുറിച്ച് വിവരം ലഭിച്ചത്.
ഇതോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മോഷണത്തിനായി ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തെളിവെടുപ്പിനും വൈദ്യപരിശോധനകളും പൂര്‍ത്തിയാക്കി പ്രതികളെ കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷ്, എസ്ഐമാരായ അഭിലാഷ്, ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെപിടികൂടിയത്.