ചിറ്റുമലചിറ ചീപ്പിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു മാറ്റാൻ നീക്കം
1441622
Saturday, August 3, 2024 5:48 AM IST
കുണ്ടറ: അപകടാവസ്ഥയിലായ ചിറ്റുമല ചിറയുടെ ചീപ്പിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കാനുള്ള ഇറിഗേഷൻ വകുപ്പിന്റെ നീക്കത്തിനെതിരേ പ്രതിഷേധം. ഇത് ഉപേക്ഷിക്കണമെന്ന് കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് ആവശ്യപ്പെട്ടു.
ഇറിഗേഷൻ വകുപ്പ് വാർഷിക അറ്റകുറ്റപ്പണി നടത്താത്തതു മൂലം ചീപ്പ് അപകടാവസ്ഥയിലായപ്പോൾ പഞ്ചായത്ത് ഇടപ്പെട്ട് 25 വർഷം മുമ്പ് നിർമിച്ചതാണ് സംരക്ഷണ ഭിത്തി. ഇത് അടിയന്തിരമായി പൊളിച്ചു മാറ്റണമെന്നാണ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചത്.
ഇറിഗേഷൻ വകുപ്പിന്റെ അനുമതിയോടെയാണ് സംരക്ഷണ ഭിത്തി നിർമിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ഇപ്പോൾ അനുമതി രേഖകൾ കാണുന്നില്ല. ജലത്തിന്റെ ഒഴുക്ക് തടസപ്പെടുമെന്നു കാണിച്ചാണ് ചിറ്റുമല ചിറചീപ്പിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് മാറ്റാൻ നിർദേശം നൽകിയത്.
കാലപ്പഴക്കം മൂലം തുരുമ്പ് പിടിച്ച് പ്രവർത്തന രഹിതമായ ചീപ്പിന്റെ ഷട്ടറും പഴകി ജീർണിച്ച ഷട്ടറിന്റെ പലകകളും ഇളകിത്തുടങ്ങിയ കോൺക്രീറ്റും ഏതു സമയവും നിലം പൊത്തുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത് .
ആ സാഹചര്യത്തിലാണ് സംരക്ഷണ ഭിത്തി പഞ്ചായത്ത് നിർമിച്ചത്. ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളേയും കർഷകരേയും ബാധിക്കുന്ന ഇറിഗേഷൻ വകുപ്പിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു മാറ്റുന്ന നടപടിയിൽ നിന്ന് ഇറിഗേഷൻ വകുപ്പ് പിൻമാറണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായതായി കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് അഭിപ്രായപ്പെട്ടു.