ട്രോളിംഗ് നിരോധനശേഷം രണ്ടാം ദിനം: കരിക്കാടി സുലഭം; മീനിന് വില കുറവ്
1441621
Saturday, August 3, 2024 5:48 AM IST
വർഗീസ് എം. കൊച്ചുപറമ്പിൽ
ചവറ: ട്രോളിംഗ് നിരോധനത്തിനുശേഷം കടലിൽ പോയി തിരികെയെത്തിയ ബോട്ടുകൾക്ക് രണ്ടാം ദിനവും കോള് ലഭിച്ചു. എന്നാൽ മീനിന് കുറഞ്ഞ വിലയാണ് ലഭിച്ചത്. പല ബോട്ടുകൾക്കും ഇന്നലെ വേണ്ടത്ര വരുമാനം ലഭിച്ചില്ല. ഒരു ദിവസം മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന ബോട്ടിന് 50,000 മുതൽ ഒരു ലക്ഷത്തിനു മേൽ ചെലവ് വരും. ഡീസലും ഐസും കയറ്റി മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾക്ക് കാര്യമായ സാമ്പത്തികം ലഭിക്കാത്തതിനാൽ കടത്തിലേക്ക് പോവുകയാണ് .
ഇന്നലെ കരിക്കാടിക്ക് ആദ്യദിനത്തേക്കാൾ കുറച്ചു വിലയാണ് ലഭിച്ചത്. ഒരു കിലോ കരിക്കാടിയ്ക്ക് 15 മുതൽ 30 രൂപ വരെയാണ് ലഭിച്ചത്. കിളി മീനിന് ഇന്നലെ 70 രൂപയ്ക്ക് താഴെയായി വില താഴ്ന്നു. ഇൻബോർഡ് വള്ളങ്ങൾക്കും കരിക്കാടി കിട്ടി.
ഇന്നുമുതൽ പല ബോട്ടുകളും കണവയ്ക്കായി പോകും. കിളിമീനും മറ്റു മീനുകൾക്കും ഇന്നലെ കാര്യമായ വില ലഭിച്ചില്ല. ഇങ്ങനെ പോയാൽ പല ബോട്ടുകളും കരയിൽ കെട്ടിയിടേണ്ട അവസ്ഥയിലേക്ക് നീങ്ങുമെന്നാണ് തൊഴിലാളികൾ പറയുന്നത്. കിളി മീനും കരിക്കാടിയും പൂവാലനുമാണ് ഇന്നലെ ലഭിച്ചത്. ഒരേതരം മീനുകൾ കൂടുതൽ എത്തിത്തുടങ്ങിയാൽ വിലയിടിയുമെന്ന് കച്ചവടക്കാർ പറയുന്നു.
ട്രോളിംഗ് നിരോധനത്തിനുശേഷം ഹാർബറിലെ അനുബന്ധ തൊഴിലാളികളായ മീൻ വേർതിരിക്കുന്നവർ, ചുമട്ടുതൊഴിലാളികൾ, ലേലക്കാർ, വെള്ളം കോരികൾ എന്നിവരെല്ലാം ജീവിത മാർഗത്തിന്റെ ലക്ഷ്യസ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിലക്കുറവ് തുടർന്നാൽ ഈ മേഖല വീണ്ടും ദുരിതത്തിലേക്ക് മടങ്ങുമെന്നാണ് ആശങ്ക.