വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന
1441356
Friday, August 2, 2024 6:14 AM IST
കൊട്ടാരക്കര: ഓണത്തിനു മുന്നോടിയായി താലൂക്കിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഓടനാവട്ടം, പുത്തൂർ മേഖലകളിലായിരുന്നു പരിശോധന.
ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. റവന്യൂ വകുപ്പ്, ഭക്ഷ്യവകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ്, അളവ്തൂക്ക വിഭാഗം, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച ഓണം സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയിൽ എട്ട് സ്ഥാപനങ്ങൾക്കെതിരേ വിവിധ കാരണങ്ങൾക്ക് നടപടി സ്വീകരിച്ചു.
മൂന്നു സ്ഥാപനങ്ങൾക്ക് വില വിവരം പ്രദർശിപ്പിക്കാത്തതിനു നോട്ടീസും വൃത്തി ഹീനമായി പ്രവർത്തിച്ച ഒരു ഹോട്ടലിന് പിഴയും മറ്റൊരു ഹോട്ടലിന് നോട്ടീസും നൽകിയിട്ടുണ്ട്. പെർമിറ്റ് ഇല്ലാതെ പ്രവർത്തിച്ച ഒരു സ്ഥാപനത്തിന് ക്ലോഷർ നോട്ടീസും നൽകിയിട്ടുണ്ട്.
പരിശോധനകൾക്ക് ഡെപ്യൂട്ടി തഹസീൽദാർ അജേഷ്, ടിഎസ്ഒ സീന, ഫുഡ് സേഫ്റ്റി ഓഫീസർ നിഷ റാണി, ലീഗൽ മെട്രോളജി ഓഫീസർ ഉണ്ണികൃഷ്ണൻ നായർ റേഷനിംഗ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, രാജീവ് കുമാർ എന്നിവർ നേതൃത്വം നൽകി. കൊട്ടാരക്കര താലൂക്ക് പരിധിയിൽ ആകമാനം കർശനമായ പരിശോധന ഓണം വരെ തുടരുമെന്ന് തഹസീൽദാർ അറിയിച്ചു.