മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് സമാപിച്ചു
1420787
Sunday, May 5, 2024 10:58 PM IST
കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പിൽ പാലക്കാട് സ്വദേശിയും ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവുമായ ജനാർദ്ദനൻ പുതുശേരി അവതരിപ്പിച്ച ജൈവ സംഗീതപരിപാടി ഏറെ ശ്രദ്ധേയമായി.
പുള്ളുവൻപാട്ട്,ഉടുക്ക് പാട്ട്,കൃഷിപാട്ട്, കാളകളി പാട്ട്, മയിൽപാട്ട്, വിവിധ നാട്ടുവാദ്യങ്ങളായ പുള്ളോർക്കുടം, ഉടുക്ക് മഴമൂളി, കൊമ്പ്, കോടങ്കി ഉടുക്ക്,തുടി,തപ്പട്ട എന്നിവ കുട്ടികളെ പരിചയപ്പെടുത്തിയും കേൾപ്പിച്ചും ജൈവ സംഗീതത്തിന്റെ അമൃതം പൊഴിക്കുകയായിരുന്നു അദ്ദേഹം.നാടൻപാട്ടിന്റെ വിവിധ ശാഖകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി
നാട്ടുവാദ്യങ്ങൾ പരിചയപ്പെട്ട് ഏറെ ആകാംഷയോടെയാണ് പുതു തലമുറയിലെ കുട്ടികൾ പരിപാടിയുടെ ഭാഗമായത്. സമാപന സമ്മേളനം ചലച്ചിത്രതാരം വിനുമോഹൻ ഉദ്ഘാടനം ചെയ്തു.ക്യാമ്പ് ഡയറക്ടർ സുമൻജിത്ത് മിഷ അധ്യക്ഷനായിരുന്നു. ക്യാമ്പ് കോഡിനേറ്റർ കൗൺസിൽ സുമി സുൽത്താൻ ,കൗൺസിൽ ഭാരവാഹികളായ സാദിഖ്. എ,സുനിൽജി,അനിൽ കിഴക്കടത്ത്, സബർമതി ഗ്രന്ഥശാലാ സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, ശോഭനദാസ്, ആദിത്യൻ ,മാനേജർ ശ്യാം, ആദിൽനിസാർ,നുവാൻ,അതുൽ,നിവ, ബിലാൽ എന്നിവർ നേതൃത്വം നൽകി .