കള്ളക്കടല്‍ പ്രതിഭാസം; ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം
1420786
Sunday, May 5, 2024 10:58 PM IST
കൊല്ലം: ജില്ലയുടെ തീര പ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണം രൂക്ഷം. ഇരവിപുരം, മയ്യനാട് താന്നി, മുണ്ടയ്ക്കല്‍, വെടിക്കുന്നത്, ചെറിയഴീക്കല്‍, പണിക്കര്‍കടവ്, ചെറിയഴീക്കല്‍ സിഎഫ്എ ഗ്രൗണ്ട്, ശ്രായിക്കാട്, പറയക്കടവ്, ഭദ്രന്മുക്ക്, കുഴിത്തുറ തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.
ഇന്നലെ രാവിലെ പത്തോടെയാണ് കടലാക്രമണം ആരംഭിച്ചത്. പത്തുവരെ ഏറെക്കുറെ ശാന്തമായിരുന്ന കടല്‍ പിന്നീട് അപ്രതീക്ഷിതമായി തിരമാലകള്‍ ആഞ്ഞടിക്കുകയായിരുന്നു. ഇടവിട്ട് ഇടവിട്ടാണ് ഉയര്‍ന്ന തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറിയത്.
ഇടയ്ക്ക് ശാന്തമാകും. പലഭാഗത്തും അഞ്ച് മുതല്‍ 1.5 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നായി നാട്ടുകാര്‍ പറഞ്ഞു. മുണ്ടയ്ക്കല്‍ ഭാഗത്ത് ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് ഉണ്ടായ കടലാക്രമണത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ ഇത്തവണ വീണ്ടും കടലെടുത്തു.
മുണ്ടയ്ക്കല്‍ സ്നേഹകുന്ന് ഭാഗത്ത് കഴിഞ്ഞമാസം 29 ന് ഉണ്ടായ കടല്‍ക്ഷോഭത്തില്‍ സ്നേഹക്കുന്ന് സെന്റ് ജോര്‍ജ് ചാപ്പല്‍ ഭാഗികമായി തിരയെടുത്തിരുന്നു. ചാപ്പലിന്റെ കുറച്ച് ഭാഗങ്ങള്‍ കൂടി ഇന്നലെ ഉണ്ടായ ഉയര്‍ന്ന തിരയില്‍ തകര്‍ന്നു. നാളുകളായി നിരന്തരമായി ഉണ്ടാകുന്ന കടലാക്രമണത്തില്‍ 25 ഓളം വീടുകള്‍ തകര്‍ന്നു. പല വീടുകളുടെയും അസ്ഥിവാരം വരെ കാണുന്ന രീതിയില്‍ മണ്ണ് കടലെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ കടലാക്രമണം രൂക്ഷമാകുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജാഗ്രതാ നിര്‍ദേശവും റെഡ് അലര്‍ട്ട് പ്രഖ്യാപനവും കാരണം ഭീതിയോടെയാണ് സമയം തള്ളി നീക്കിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ റെഡ് അലര്‍ട്ട് പിന്‍വലിച്ച് ഓറഞ്ച് അലര്‍ട്ട് ആക്കിയിരുന്നു. എങ്കിലും ആശങ്കയോടെയാണ് കടല്‍തീരത്ത് താമസിക്കുന്നവര്‍ കഴിഞ്ഞത്.