ഇരവിപുരത്തെ ചേര്‍ത്തുപിടിച്ച് പ്രേമചന്ദ്രന്
1417003
Thursday, April 18, 2024 12:04 AM IST
കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെ ഇരവിപുരം മണ്ഡലം ഹൃദയത്തോട് ചേര്‍ത്തുപിടിച്ചായിരുന്നു സ്വീകരണപരിപാടി. ആദ്യ സ്വീകരണയോഗം കച്ചിക്കടവ് ജംഗ്ഷനിലായിരുന്നു ആരംഭിച്ചത്. രണ്ടാംഘട്ട സ്വീകരണപരിപാടി മുണ്ടയ്ക്കല്‍, പാല്‍കുളങ്ങര, കിളികൊല്ലൂര്‍, വടക്കേവിള, മണക്കാട് മണ്ഡലങ്ങളിലായിരുന്നു നടന്നത്. രാവിലെ 8.30 ന് ഒന്നാം സ്വീകരണ സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി ഒഴുകുന്നത് കാണാമായിരുന്നു. കശുവണ്ടി തൊഴിലാളികളും മറ്റു തൊഴിലാളി മേഖലയിലെ വോട്ടര്‍മാരും തിങ്ങിനിറഞ്ഞിരുന്ന സ്വീകരണ സ്ഥലങ്ങള്‍ ആരിലും ആവേശമുണര്‍ത്തുന്നതായിരുന്നു.
സ്ഥാനാര്‍ഥി എത്തിയപാടെ സൗഹൃദം പുതുക്കാന്‍ ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. എല്ലാവരെയും പേരെടുത്തുവിളിക്കാനുള്ള ബന്ധം വോട്ടര്‍മാര്‍ക്കെല്ലാം സഹോദരനോ, മകനോ,സുഹൃത്തോ ഒക്കെയായിരുന്നു പ്രേമചന്ദ്രന്. കണ്ടവര്‍ക്കെല്ലാം എന്തെങ്കിലുമൊക്കെ പറയാനുണ്ടായിരുന്നു. തുടര്‍ന്ന് സ്വീകരണങ്ങളേറ്റുവാങ്ങി ഹ്രസ്വമായ പ്രസംഗത്തിലേക്ക് സ്ഥാനാര്‍ഥി കടന്നു.
ഇരവിപുരം മണ്ഡലത്തിലെ തൊഴിലാളികളുടെ നീറുന്ന ആവശ്യങ്ങളിന്മേല് എംപി എന്ന നിലയില്‍ ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങി. ഇഎസ്ഐ ആനുകൂല്യങ്ങള്‍, പ്രൊവിഡന്റ് ഫണ്ട് പ്രശ്നങ്ങള്‍ തുടങ്ങിയവ നടപ്പാക്കി കിട്ടാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമയപരിധിക്കുള്ളില്‍ നിന്ന് സംസാരിച്ചു. തുടര്‍ന്ന് വീണ്ടും കാണാമെന്ന ഉറപ്പിന്മേല് യാത്ര തുടര്‍ന്നു.
സ്ഥാനാര്‍ഥിയോടൊപ്പം അഡ്വ.എ.ഷാനവാസ് ഖാന് അഡ്വ ബേബിസണ്‍, സജി ഡി .ആനന്ദ്, എം.എസ്. ഷൗക്കത്ത്, എന്‍. നൗഷാദ്, ആദിക്കാട് മധു, അന്‍സര്‍ അസീസ്, എം.എം.സഞ്ജീവ് കുമാര്‍, അഡ്വ.ശുഭദേവ്, ശാന്തിനി ശുഭദേവ്, എല്‍. ബാബു, എല്‍. പ്രകാശ്, കുരുവിള, ജോസഫ് കുരുവിള, അഭിലാഷ് കുരുവിള, പോളയത്തോട് ഷാജഹാന് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.