മാലാഖമാരുടെ സ്നേഹസ്പർശം; വിളക്കുടി സ്നേഹതീരം 20-ാം വയസിലേക്ക്
1338291
Monday, September 25, 2023 10:59 PM IST
വിളക്കുടി: ഒറ്റപ്പെട്ടവര്ക്കും ഉപേക്ഷിക്കപ്പെട്ടവര്ക്കും സ്നേഹം പങ്ക്വച്ച് കൈപിടിച്ചുയര്ത്തുന്ന വിളക്കുടി സ്നേഹതീരം ഇരുപതാം വയസിലേക്ക് . മൂന്നു അന്തേവാസികളുമായി ആണ് തെരുവില് അലഞ്ഞുതിരിയുന്നവരെയും ഒറ്റപ്പെടുന്നവരെയും സംരക്ഷിക്കുന്നതിനായി സിസ്റ്റര് റോസിലിന് ഗ്രാമഭംഗി വിളിച്ചോതുന്ന വിളക്കുടിയില് സ്നേഹതീരം ആരംഭിച്ചത്.
വേണ്ടപ്പെട്ടവരാല് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന മാനസികരോഗികളെ കണ്ടെത്തി സ്വന്തം മക്കളെ പോലെ പരിപാലിക്കുന്ന സിസ്റ്റര് റോസിലിന്റേയും സഹപ്രവര്ത്തകരുടെയും നിര്ലോഭമായ സേവനം മാതൃകപരമാണ്.
മാനസികരോഗികളുടെ പുനരധിവാസത്തിനായി സ്ഥാപിച്ച സ്നേഹതീരത്തിന്റെ കൊല്ലം ജില്ലയിലേയും തിരുവനന്തപുരം ജില്ലയിലേയും രണ്ടു ഭവനങ്ങളിലായി 300 ഓളം മനസികരോഗികളായ അന്തേവാസികളാണ് ഒരുമയോടെ കഴിഞ്ഞു വരുന്നത്.
ജാതി മത വര്ണ വര്ഗ ഭേദമില്ലാതെ ആലംബഹീനര്ക്ക് ആശ്വാസം നല്കുന്ന സ്നേഹതീരത്ത് എല്ലാവരും സുരക്ഷിതരാണ്. സ്നേഹനിര്ഭരമായ പരിചരണമാണ് ഇവിടെ ലഭിക്കുന്നത്.
മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കളും ജീവിതപങ്കാളിയെ നഷ്ടപ്പെട്ട ആരുമില്ലാത്ത സ്ത്രീജീവിതങ്ങളും ആട്ടിയോടിക്കപ്പെട്ട വാര്ധക്യങ്ങളും, സ്വന്തമായതെല്ലാം നഷ്ടപ്പെട്ടവരും ഇവിടെ സന്തുഷ്ടരാണ്. ഹൃദയം നുറുങ്ങുന്ന കഥകളാണ് ഇവിടെയെത്തുന്ന ഓരോ ജീവിതത്തിനും പറയുവാന് ഉള്ളത്.
2002 ല് സ്ഥാപിക്കപ്പെട്ട ഈ സ്നേഹഭവനം 22-ാം വര്ഷത്തിലേക്ക് കടക്കുമ്പോള് തെരുവില് ഒരു സ്ത്രിയും അലയരുത് എന്ന ആശയം മനസില് മുളപ്പിച്ച് ഏറെ നാള് ആ മോഹത്തെ താലോലിച്ച് സ്വപ്നം കണ്ട് ആണ് സിസ്റ്റര് റോസിലിന് സ്നേഹതീരം ആരംഭിച്ചത്. രോഗികളെ സ്വന്തം മാതാവിനെയും സഹോദരങ്ങളെയും പോലെ സ്നേഹിക്കുന്ന സിസ്റ്റര് റോസിലിന് മദര് തെരേസയുടെ ആശയങ്ങളാണം ജീവിതത്തില് പിന്തുടരുന്നത്.
ഇന്ന് അനേകര്ക്ക് അഭയമായി മാറിയ സ്നേഹതീരത്തില് എത്തുന്ന ഓരോ അന്തേവാസികളേയും സമൂഹത്തിന്റെ മുന് നിരയിലേക്ക് കൊണ്ട് വരുന്നതിനായി ഇവിടെ ബാന്റ് ട്രൂപ്പ് പരിശീലനം, കാര്പെറ്റ് നിര്മ്മാണം, കരകൗശല നിര്മ്മാണം, തയ്യല് പരിശീലനം, സോപ്പ്-ലോഷന് നിര്മ്മാണം, പൂന്തോട്ട പച്ചക്കറി ഉത്പാദനം എന്നിങ്ങെനെ വിവിധ കര്മമേഖലകള് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രവര്ത്തികള് രോഗബാധിതരെ കൂടുതല് ആര്ജവത്വമുള്ളവരാക്കുമെന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നില്.
സ്വന്തം സഹോദരങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സിസ്റ്റര് റോസിലിന് സ്നേഹതീരം എന്ന സ്ഥാപനം ആരംഭിച്ചത്. വിദഗ്ധ ചികിത്സയും സ്നേഹവും നല്കി അന്തേവാസികളെ ജീവന് തുല്യം സ്നേഹിക്കുന്ന സിസ്റ്റര് നടത്തുന്ന ത്യാഗപൂര്ണമായ പ്രവര്ത്തനങ്ങള് നമ്മുടെ സമൂഹത്തിന് ഉദാത്ത മാതൃകയാണ്.
അന്തേവാസികളുടെ പരിപാലനവും പുനരധിവാസ പ്രവര്ത്തനങ്ങളും സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്ത്തനങ്ങളും സുമനസുകളുടെ സഹായത്തോടെയാണ് സ്നേഹതീരത്ത് നടന്നു വരുന്നത്.