കാട്ടുപന്നിയെ തുറന്നുവിടാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
1335165
Tuesday, September 12, 2023 11:11 PM IST
ശൂരനാട് : കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ രക്ഷിച്ച് തുറന്ന് വിടാനുള്ള നീക്കം നാട്ടുകാർ എതിർത്തു. പിന്നീട് അംഗീകൃത ഷൂട്ടർമാർ എത്തി പന്നിയെ വെടിവെച്ചു കൊന്നു. ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറി അഴകിയകാവ് എൽപി സ്കൂളിന് സമീപം കഴിഞ്ഞദിവസമാണ് സംഭവം.ഇവിടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കാട്ടുപന്നി അകപ്പെട്ടത്. സംഭവം അറിഞ്ഞ് ശാസ്താംതാംകോട്ടയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തി കയറുകൾ കെട്ടി പന്നിയെ പുറത്തെത്തിക്കാൻ ശ്രമം നടത്തി.എന്നാൽ പുറത്തെടുത്ത് അഴിച്ചുവിടാനാണ് നീക്കമെന്നറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധിച്ചു.
മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. അതിനാൽ പന്നിയെ കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ അവർ കൈയൊഴിഞ്ഞു.ജനവാസ മേഖലയിൽ ശല്യമായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർഅനുമതി നൽകിയ സാഹചര്യത്തിൽ അംഗീകൃത ഷൂട്ടർമാരെ കൊണ്ട് പന്നിയെ വെടിവെച്ച് കൊല്ലാമെന്നായിരുന്നു ലഭിച്ച നിർദ്ദേശം.
തുടർന്ന് പഞ്ചായത്ത് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്ന് മാവേലിക്കരയിൽ നിന്നുമെത്തിയ അംഗീകൃത ഷൂട്ടർ പന്നിയെ കിണറ്റിൽ വെച്ചു തന്നെ വെടിവെച്ചു കൊന്നു.