കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം: 36 കേന്ദ്രങ്ങൾ മാറ്റി സ്ഥാപിച്ചു
1296594
Monday, May 22, 2023 11:44 PM IST
എസ്.ആർ.സുധീർ കുമാർ
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന്റെ വികസനത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ഇവിടെ പ്രവർത്തിച്ചിരുന്ന 36 കേന്ദ്രങ്ങൾ മാറ്റി സ്ഥാപിച്ചു.
മജിസ്ട്രേറ്റ് കോടതി, റെയിൽവേ മെയിൽ സർവീസ്, പാർസൽ ഓഫീസ്, ക്രൂ കൺട്രോൾ ഓഫീസ് തുടങ്ങിയ അടക്കമുള്ളവയാണ് സ്റ്റേഷൻ കോമ്പൗണ്ടിലെ മറ്റിടങ്ങളിലേയ്ക്ക് മാറ്റിയത്.
പ്രാഥമിക ഘട്ട വികസനത്തിന്റെ ഭാഗമായി നിലവിലെ തെക്കൻ ടെർമിനലും പൊളിച്ചു മാറ്റിക്കഴിഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടിയാണിത്. ഗാംഗ് റെസ്റ്റ് റൂമിന്റെ ഫൗണ്ടേഷൻ നിർമാണം പൂർത്തിയായി. പ്രദേശമാകെ സുരക്ഷാ വേലികെട്ടി തിരിച്ച് കഴിഞ്ഞു.
നിർമാണ മേഖലയിലെ ടോപ്പോഗ്രാഫിക്കൽ സർവേ, ഡ്രോൺ സർവേ, മണ്ണ് പര്യവേക്ഷണം എന്നിവയും സമയബന്ധിതമായി പൂർത്തിയാക്കി. സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടങ്ങളും പൊളിച്ചു മാറ്റി പകരം സംവിധാനവും ഏർപ്പെടുത്തി.
സൈറ്റ് ഓഫീസ്, ലബോറട്ടറി സംവിധാനം, നിർമാണ സാമഗ്രികളുടെ ശേഖരണത്തിനുള്ള ക്രമീകരണങ്ങൾ എന്നിവയും പൂർത്തീകരിച്ചു. ഫുട് ഓവർ ബ്രിഡ്ജിന്റെ അടിസ്ഥാനം, സർവീസ് ബിൽഡിംഗ്, സബ് സ്റ്റേഷൻ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
സംസ്ഥാനത്തെ ഗതാഗത തിരക്കേറിയ രണ്ടാമത്തെ സ്റ്റേഷനായ കൊല്ലത്ത് ആകെ 369.12 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. 39 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.