കുരുന്നുകളുടെ കരവിരുതിൽ അരിക്കൊമ്പനൊരുങ്ങി
1296545
Monday, May 22, 2023 10:56 PM IST
കൊട്ടാരക്കര: ആറു ദിവസം കൊണ്ട് അരികൊമ്പനെ ഒരു രൂപ ചിലവില്ലാതെ നാട്ടിലെത്തിച്ച് കുട്ടികളുടെ കരവിരുതിൽ അരിക്കൊന്പൻ ഒരുങ്ങി. കുളക്കട മാവടി അംബേദ്കർ കോളനിയിലെ കുട്ടികളുടെ കരവിരുതിൽ വിരിഞ്ഞത് കളിമണ്ണിൽ തീർത്ത വിസ്മയ ശില്പങ്ങൾ.
മൈതാനം നഷ്ടപ്പെട്ട് ഫുട്ബാൾ കളി മുടങ്ങിയ നിരാശയിൽ ഇരുന്ന കുട്ടികളുടെ ചിന്തയിൽ നിന്നും ഒരു മാസം കൊണ്ട് വിരിഞ്ഞത് നിരവധി രൂപങ്ങൾ. പോത്തും മുതലയും പെരുമ്പാമ്പും ഒടുവിൽ സൂപ്പർ സ്റ്റാർ അരിക്കൊമ്പനും. നാടൻ വിഭവങ്ങൾകൊണ്ടായതിനാൽ നിർമാണ ചെലവുകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയം. ശ്രീശിവനും സൂരജും ആരോമലും ആദിത്യനും അഭിഷേകും അഭിജിത്തും മഹിയും നാട്ടിലെ താരങ്ങളായി മാറിക്കഴിഞ്ഞു.
സമീപത്തെ വയലിൽ നിന്നും ചെളി ശേഖരിച്ച് കൊണ്ട് വന്നു പോത്തിനെയാണ് ആദ്യം നിർമിച്ചത്. അതു കണ്ട് നാട്ടുകാർക്ക് സന്തോഷമായി. പക്ഷേ അന്ന് പെയ്ത മഴയിൽ ഇത് നശിച്ചതോടെ കുട്ടികൾക്ക് സങ്കടമായി. പിന്നീട് കിടക്കുന്ന പോത്തിനെ ഭക്ഷിക്കുന്ന മുതലയെ നിർമിച്ചു. ഇത് പൂർത്തിയായതോടെ കൊച്ചു കൂട്ടുകാരുടെ പ്രശസ്തി മാവടിക്ക് പുറത്തേക്കുമെത്തി. സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും എത്തിയതോടെ പോത്തിനേയും മുതലയേയും കാണാൻ കാഴ്ചാക്കാരുടെ വരവായി.
പിന്നീട് മരത്തിൽ ചുറ്റിയിരിക്കുന്ന പെരുമ്പാമ്പിനെയും ഉണ്ടാക്കിയിരിക്കുമ്പോഴാണ് അരിക്കൊമ്പന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നത്. അരിക്കൊമ്പനെ സർക്കാർ ചിന്നക്കനാലിൽ നിന്നും മേഘമലയിലേക്ക് നാടുകടത്തിയതോടെ അരികൊമ്പന്റെ ആരാധകരായ ഈ കൊച്ചു കൂട്ടുകാർക്ക് വിഷമമായി. ഒടുവിൽ ആറു ദിവസത്തെ കഠിന പ്രയത്നം കൊണ്ട് അരിക്കൊമ്പനെ മാവാടിയിൽ എത്തിച്ച സന്തോഷത്തിലാണ് ഇവർ.
വയലിൽ നിന്നും അര ലോഡിലധികം ചെളി വലിച്ചു മുകളിലെത്തിച്ചാണ് ആനയുടെ രൂപമുണ്ടാക്കിയത്. മരക്കൊമ്പും വയ്ക്കോലും ചെളിയും ചേർത്ത് തുമ്പി കൈയും. തടിയിൽ വെള്ള ചേർത്ത് അരികൊമ്പന്റെ തന്നെ കൊമ്പും അതേ രൂപത്തിൽ ഉണ്ടാക്കി. പിന്നീട് കരിയും ചേറും കൂട്ടികുഴച്ചു അരികൊമ്പനു നിറവും നൽകിയത്തോടെ ലക്ഷണമൊത്ത അരികൊമ്പൻ മാവടി അംബേദ്കർ കോളനിയിൽ തയാറായിരി. വരും ദിവസങ്ങളിൽ അരികൊമ്പനെ കാണാനുള്ള തിരക്കാവും.
ആറാം ക്ലാസ് വിദ്യാർഥികളായ അഭിജിത്തും മഹിയും അരിക്കൊമ്പനെ നിറം നൽകാനും മറ്റും നിറഞ്ഞു നിൽക്കുകയാണ്. അടുത്തതായി അംബേദ്കറുടേയും അനാകോണ്ടയുടേയും ശിലപം നിർമിക്കണമെന്നാണ് ആഗ്രഹം എന്ന് ഇവർ പറ്യുന്നു. പക്ഷെ സ്കൂൾ തുറക്കാറായതിനാൽ സമയം ലഭിക്കില്ലെന്നും ഇവർ പറയുന്ന ു. നിർമാണങ്ങൾ നിരവധി ഉണ്ടെങ്കിലും ഇവയൊക്കെ സംരക്ഷിക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതാണ് ഈ കൊച്ചു കൂട്ടുകാരെ ഏറെ വിഷമത്തിലാക്കുന്നത്.