വിളക്കുപാറയില് സംഘർഷം; അഞ്ചുപേര്ക്ക് പരിക്ക്, നാലുപേര് അറസ്റ്റില്
1282954
Friday, March 31, 2023 11:20 PM IST
അഞ്ചല് : ഏരൂര് വിളക്കുപാറയില് ഇരുവിഭാഗങ്ങള് തമ്മില് ഏറ്റുമുട്ടി. തമ്മിലടിയില് അഞ്ചു പേര്ക്ക് പരിക്കേറ്റു. വിളക്കുപാറ ഉത്സവം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയാണ് സംഘര്ഷം ഉണ്ടായത്. സംഭവത്തില് നാലുപേരെ സംഭവ സ്ഥലത്ത് നിന്നും പോലീസ് പിടികൂടി.
വിളക്കുപാറ സ്വദേശികളായ വിനോദ്, ജെയിംസ്, മണലിൽ സ്വദേശികളായ ബിജോയി, അജയി എന്നിവരെയാണ് ഏരൂര് പോലീസ് പിടികൂടിയത്. വിളക്കുപാറ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന വിനോദിന്റെ ഓട്ടോയിൽ ചാരി നിന്ന് മണലി സ്വദേശി സജുരാജ് മൂത്രമൊഴിച്ചു. വിനോദും കൂട്ടരും ഇത് ചോദ്യം ചെയ്യുകയും തുടര്ന്ന് തമ്മിലടിക്കുകയുമായിരുന്നു.
കമ്പി വടി, വടിവാള് എന്നിവയും തോര്ത്തില് കല്ലുകെട്ടിയും ഇരുസംഘങ്ങളും ഏറ്റുമുട്ടി. ഒരാളുടെ തലക്കും മറ്റൊരാളുടെ കൈയ്ക്കും സാരമായി പരിക്കേറ്റു. അഞ്ചുപേര്ക്കാണ് തമ്മിലടിയില് പരിക്കേറ്റത്. പരിക്കേറ്റവര് അഞ്ചലിലെ സ്വകാര്യാശുപത്രിയില് ചികിത്സ തേടി. അറസ്റ്റ് രേഖപ്പെടുത്തിയ വിനോദ്, ജെയിംസ്, ബിജോയ്, അജയ് എന്നിവരെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
എന്നാല് ഒരു വര്ഷം മുമ്പ് ഇരു കൂട്ടരും ദര്ഭപ്പണ ഭാഗത്ത് വച്ച് ഏറ്റുമുട്ടിയിരുന്നു. ഇരുവിഭാഗവും വീടുകളില് എത്തി പരസ്പരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് രാഷ്ട്രീയപാര്ട്ടി നേതാക്കള് ഇടപ്പെട്ട് സംഭവം ഒത്തുതീര്പ്പാക്കി. ഇതിന്റെ വൈരാഗ്യമാണ് ഇപ്പോഴത്തെ തമ്മിലടിയിലും വെട്ടിലും കലാശിച്ചതെന്നാണ് പോലീസ് നിഗമനം.