പെട്രോൾ പന്പിലെ മോഷണം: പ്രതി പിടിയിൽ
1281340
Sunday, March 26, 2023 11:00 PM IST
കൊല്ലം: പെട്രോൾ പന്പിൽ നിന്നും പണം മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ. നീണ്ടകര ദളവാപുരം ബിനു ഭവനിൽ വിജയ്(20) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജനുവരി 22 ന് പുലർച്ചെ 1.30 ഓടെ അപ്സര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പെട്രോൾ പന്പിന്റെ ക്യാബിനുള്ളിൽ കടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇയാളും പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും ചേർന്ന് മോഷ്ടിച്ചത്. പന്പ് ജീവനക്കാർ ഉറക്കത്തിൽ ആയിരുന്ന സമയം നോക്കി അകത്ത് കടന്ന പ്രതി പണവുമായി കടന്ന് കളയുകയായിരുന്നു.
പന്പ് ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളെ തിരിച്ചറിഞ്ഞെങ്കിലും ഒളിവിൽ കഴിഞ്ഞ് വന്ന പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇവർക്കായുള്ള തെരച്ചിൽ നടത്തി വരവെയാണ് പ്രതി വിജയ് കഴിഞ്ഞ ദിവസം കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. കൂട്ട് പ്രതിയായ പ്രായപൂർത്തിയാകാത്ത ആൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്ഐ സുകേഷ്, സിപിഓ പ്രശാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
മേശയും കസേരയും വിതരണം ചെയ്തു
പന്മന: ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. 23 പേര്‍ക്കായി 184000 രൂപയുടെ മേശയും കസേരയുമാണ് നല്‍കിയത്. 2023 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാമൂലയില്‍ സേതുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.