വയോജനങ്ങൾക്ക് വേറിട്ട അനുഭവമായി കായൽ യാത്രയും കലാസന്ധ്യയും
1279163
Sunday, March 19, 2023 11:26 PM IST
കൊല്ലം: അഷ്ടമുടിക്കായലിന്റെ തീരങ്ങളിലേക്ക് കണ്ണുംനട്ട് ബോട്ടിൽ യാത്ര ചെയ്യുമ്പോൾ കൊല്ലം ഗവ. വൃദ്ധസദനം താമസക്കാരുടെ മനസിൽ അലയടിച്ചത് കാലസ്മരണങ്ങളുടെ വേലിയേറ്റം. പലരും ജീവിതത്തിന്റെ നല്ല കാലത്തിലേക്ക് തിരികെ പോയി കൊച്ചുമക്കളുടെ കൈയും പിടിച്ച് യാത്ര ചെയ്തിട്ടുള്ളതിന്റെ കാർമകളുടെ തിരയിളക്കത്തിൽ ചുളുക്കം വീണ പല കണ്ണുകളും നനവാർന്നു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഇഞ്ചവിള ഗവ. വൃദ്ധസദനത്തിലെ അന്തേവാസികളാണ് അഷ്ടമുടിക്കായലിലൂടെയുള്ള ബോട്ട് യാത്ര നടത്തിയത്.
താമസക്കാരുടെ ക്ഷേമം, സന്തോഷം മുഖ്യധാരാ പ്രവേശനം തുടങ്ങിയവ സംബന്ധിച്ച് പ്രധാന ഇടപെടലുകളുടെ ഭാഗമായി അവരുടെ സന്തോഷത്തിനും വ്യക്തിത്വ വികസനത്തിനും വികാസത്തിനും ഉതകുംവിധമാണ് സ്നേഹസന്ധ്യ 2023 എന്ന പേരിൽ യാത്രയും കലാസന്ധ്യയും സംഘടിപ്പിച്ചതെന്ന് സൂപ്രണ്ട് ബി. മോഹനൻ പറഞ്ഞു.
സബ് കളക്ടർ മുകുന്ദ് താക്കൂർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, ക്ഷേമകാര്യ ചെയർമാൻ അനിൽകുമാർ, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ബോട്ട് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
ഹോട്ടൽ ഓൾ സീസൺസ് റിസോർട്ടിൽ ജില്ലാ കളക്ടർ അഫ്സാന പർവീൺ ഭദ്രദീപം കൊളുത്തി ആരംഭിച്ച സ്നേഹസന്ധ്യ പരിപാടിയോടനുബന്ധിച്ച് കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് മ്യൂസിക് ക്ലബ് അവതരിപ്പിച്ച പരിപാടി വൃദ്ധമാതാപിതാക്കൾക്ക് വേറിട്ടൊരു അനുഭവമായി. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായി ജീഖ്, ഷീലകുമാരി, അരുൺ അലക്സ്, ഷെ, ബെറ്റ്സി റോയി, തൃക്കരുവ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജില്ലാ സാമൂഹ്യ നീതി ഓഫീസ് ജീവനക്കാർ, ജില്ലാ പ്രൊബേഷൻ ഓഫീസർ സിജു ബെൻ തുടങ്ങിയവർ പങ്കെടുത്തു.