കുടിവെള്ളക്ഷാമം; അടിയന്തര പരിഹാരം വേണമെന്ന് ജില്ലാ വികസന സമിതിയില് ജനപ്രതിനിധികള്
1279157
Sunday, March 19, 2023 11:26 PM IST
കൊല്ലം: വരള്ച്ച രൂക്ഷമായതോടെ വിവിധ പ്രദേശങ്ങളില് അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്നത്തിന് അടിന്തര പരിഹാരം ഉണ്ടാക്കണമെന്ന് ഭരണ-പ്രതിപക്ഷ ജനപ്രതിനിധികള് ജില്ലാ വികസന സമിതിയില് ആവശ്യപ്പെട്ടു. കെഐപി കനാല് കടന്നു പോകാത്ത ഇടങ്ങളില് പ്രത്യേകിച്ച് ചടയമംഗലം പോലുള്ള സ്ഥലങ്ങളിലും കരുനാഗപ്പള്ളിയിലും മറ്റും ജലക്ഷാമം അതിരൂക്ഷമാണ്. കുണ്ടറ, പുനലൂര്, കൊട്ടാരക്കര പ്രദേശങ്ങളിലും ജനങ്ങള് കുടിവെള്ള ക്ഷാമംമൂലം കഷ്ടതയിലാണെന്നും ജനപ്രതിനിധികള് പറഞ്ഞു.
വിഷയത്തില് അതിവേഗ നടപടി സ്വീകരിക്കാന് പ്രത്യേക മോണിറ്ററിംഗ് സമിതി രൂപീകരിക്കുമെന്ന് ജില്ലാ കളക്ടര് അഫ്സാന പര്വീണ് യോഗത്തെ അറിയിച്ചു.
മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള് പൂര്ത്തീകരിക്കാനും പമ്പ് ഹൗസുകളിലെ മോട്ടോറുകളുടെ അറ്റകുറ്റപ്പണികള് പൂര്ത്തീകരിക്കുന്നതിനും കുടിവെള്ള സ്രോതസുകള് ശുചിയാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യവും ജില്ലാ കളക്ടര് പരിഗണിക്കും.
മൈലം-തലവൂര് കുടിവെള്ള പദ്ധതിയില് നിന്നും മൈലത്തേക്ക് വെള്ളം ലഭിക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് ഇതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി കെ എന് ബാലഗോപാലിന്റെ പ്രതിനിധി പി.കെ.ജോണ്സണ് യോഗത്തില് ആവശ്യപ്പെട്ടു.
നെല്ലിക്കുന്നം പ്ലാപ്പള്ളി റോഡ് എത്രയും പെട്ടെന്ന് പൂര്ത്തീകരിക്കുക, കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതര്ക്ക് നല്കുന്ന സാമ്പത്തിക സഹായം സാങ്കേതികതയുടെ പേരില് തടസപ്പെടുത്താതിരിക്കുക, ഗ്രാമീണ മേഖലകളില് ആശുപത്രി പരിപാലന സമിതികള് കൂടുന്നുണ്ടോ എന്ന് പരിശോധിക്കുക, മലിനീകരണ നിയന്ത്രണ ബോര്ഡില് നല്കുന്ന അപേക്ഷകളില്ന്മേല് കാലതാമസമില്ലാതെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിയുടെ പ്രതിനിധി വികസന സമിതിയില് ഉന്നയിച്ചു.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം മുടങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില് അടിയന്തര ശ്രദ്ധവേണമെന്ന് കൊടിക്കുന്നില് സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമൂവേല് ആവശ്യപ്പെട്ടു.
ആധാര് ലിങ്കിങ്, ഫോട്ടോ എടുപ്പ് തുടങ്ങിയവ സാങ്കേതിക കാരണങ്ങളാല് മുടങ്ങുന്നുണ്ടെന്നും എന്നാല് ഇത് അവരുടെ വേതനത്തെ ബാധിക്കാത്ത രീതിയില് പരിഹരിച്ചു വരികയാണെന്നും കളക്ടര് അറിയിച്ചു.
പുനലൂര് നിയോജക മണ്ഡലത്തിലെ കൂവക്കാട്, നെടുമ്പാറ, കേളങ്കാവ് തമിഴ് മീഡിയം സ്കൂളുകുകളില് ഇംഗ്ലീഷ് മീഡിയം കൂടി അനുവദിക്കണമെന്നും തെന്മല ഡിപ്പോയ്ക്കായി വിട്ടു നല്കിയ റവന്യൂ ഭൂമിയില് വികസന പദ്ധതികള് നടപ്പാക്കാന് വനംവകുപ്പുമായുള്ള തര്ക്കങ്ങള് പരിഹരിക്കണമെന്നും പി. എസ് സുപാല് എംഎല്എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
പുനലൂര്-ചെങ്കോട്ട റെയില്വേ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്ന് എന്. കെ. പ്രേമചന്ദ്രന് എംപിയുടെ പ്രതിനിധി കെ.എസ് വേണുഗോപാല് ആവശ്യപ്പെട്ടു. കുണ്ടറ ഇളമ്പള്ളൂര് റെയില്വേ മേല്പ്പാലം യാഥാര്ഥ്യമാക്കാന് അപ്രോച്ച് റോഡിനുള്ള എസ്റ്റിമേറ്റ് എത്രയും പെട്ടെന്ന് തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുണ്ടറ നിയോജക മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് പി. സി. വിഷ്ണുനാഥ് എംഎല്എയും പുതിയകാവ്-കാട്ടില്ക്കടവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സി. ആര്. മഹേഷ് എംഎല്എയും വീഡിയോ കോണ്ഫറന്സിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്ലാനിംഗ് ഓഫീസര് പി. ജെ. ആമിന, എഡിഎം ബീനാ റാണി, ഡെപ്യൂട്ടി കളക്ടര് വിമല്കുമാര്, ജില്ലാതല ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.