ജില്ലയിൽ ഓട്ടിസം വില്ലകൾ സ്ഥാപിക്കും: പി.കെ.ഗോപൻ
1279155
Sunday, March 19, 2023 11:07 PM IST
കൊല്ലം: മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഓട്ടിസം വില്ലകൾ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ.
ഇത് സ്വപ്ന പദ്ധതിയായി ഏറ്റെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഓട്ടിസം ബാധിച്ച കുടുംബാംഗങ്ങളെ ചെറിയ വില്ലകൾ നിർമിച്ച് അവിടെ പാർപ്പിച്ച് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കുക എന്നതാണ് ലക്ഷ്യം.
മാത്രമല്ല ഇവരുടെ ചികിത്സാർഥം ഡോക്ടർമാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിക്കും. നഴ്സിംഗ് സ്റ്റാഫിന്റെ സേവനവും ലഭ്യമാക്കും. ഇത് കൂടാതെ കലാ-കായിക സൗകര്യങ്ങളും വിനോദോപാധികളും ഉറപ്പ് വരും.
ഗുണഭോക്താക്കളുടെ സംഭാവനകളും ഇതര സഹായങ്ങളും സാമൂഹിക നീതി വകുപ്പിൽ നിന്നും മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വിഹിതങ്ങളും പദ്ധതിക്കായി പ്രയോജനപ്പെടുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.
കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ആശുപത്രിയുടെ നിലവാരം ഗണ്യമായി മെച്ചപ്പെട്ടതിന്റെ പ്രധാന കാരണം ശ്രദ്ധയോടെയുള്ള ജില്ലാ പഞ്ചായത്തിന്റെ ഇടപെടലുകളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിക്ക് നിരവധി അവാർഡുകളും ലഭിച്ചു കഴിഞ്ഞു.
ആശുപത്രിയിൽ 38 ശതമാനം പേർ ഇപ്പോൾ ചികിത്സ തേടി എത്തുന്നു. കൂടുതൽ ആധുനിക ചികിത്സാ സൗകര്യങ്ങളും ഉപകരണങ്ങളും ഉടൻ ഇവിടെ ക്രമീകരിക്കും.
വിക്ടോറിയ ആശുപത്രിയിലും ഇപ്പോൾ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉണ്ട്. പ്രതിമാസം 400-ൽ അധികം പ്രസവം ഇവിടെ നടക്കുന്നുണ്ട്. സ്വകാര്യ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വലിയ നേട്ടമായി തന്നെ അവകാശപ്പെടാം.
പത്ത് രൂപയ്ക്ക് കുടിവെളളം നൽകുന്ന പദ്ധതിക്കും ഉടൻ തുടക്കമാകും. തരിശ് രഹിത ജില്ല എന്നതാണ് മറ്റൊരു ലക്ഷ്യം. തരിശ് കിടക്കുന്ന ഭൂമികളെല്ലാം കൃഷിയോഗ്യമാക്കും.
ദേശീയ തലത്തിലെ കലാകാരന്മാരെ അടക്കം ഉൾപ്പെടുത്തി ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തിന്റെ 26 ഡിവിഷനുകളിലും തെരഞ്ഞെടുത്ത ഓരോ ലൈബ്രറികളിൽ വീതം വയോ ക്ലബുകൾ രൂപീകരിക്കും. വയോജനങ്ങൾക്കായി ഇവിടെ പുസ്തകം, ടിവി, ഭക്ഷണം അടക്കമുള്ളവ ക്രമീകരിക്കും. വാഹന സൗകര്യവും ഏർപ്പെടുത്തും.
ശാസ്താംകോട്ട തടാക തീരത്ത് ഒരാഴ്ചക്കുള്ളിൽ 100 പേർക്ക് ഇരിക്കാവുന്ന കാത്തിരിപ്പ് കേന്ദ്രം തുറക്കും. ടൂറിസം വികസനം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നത്.
തദ്ദേശ സ്ഥാപനങ്ങൾ എന്നുവച്ചാൽ പ്രാദേശിക സർക്കാരുകളാണ്. ഇതിന്റെ സാധ്യതകൾ പരമാവധിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. പദ്ധതികൾക്ക് കിട്ടിയ ഏറ്റവും വലിയ സാമുഹിക പിൻബലം ജനകീയ ആസൂത്രണത്തിന്റേതാണെന്നും ഗോപൻ ചൂണ്ടിക്കാട്ടി.
പ്രസ് ക്ലബ് പ്രസിഡന്റ് സനൽ ഡി. പ്രേം, ട്രഷറർ സുജിത് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദും സന്നിഹിതനായിരുന്നു.