പുതിയ നാലുവരി ബൈപാസ് റോഡ്; കിഫ്ബിയുടെ അനുമതി ലഭ്യമാക്കി
1278738
Saturday, March 18, 2023 11:22 PM IST
കൊട്ടാരക്കര: എം സി റോഡിന് സമാന്തരമായി കൊട്ടാരക്കരയിൽ പുതിയ നാലുവരി ബൈപാസ് റോഡ് നിര്‍മിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട 110.36 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അനുമതി ലഭ്യമാക്കിയതായി മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി യോഗത്തിലാണ് തീരുമാനം.
എം സി റോഡില്‍ ലോവര്‍ കരിക്കത്ത് നിന്ന് ആരംഭിച്ച് മൈലം വില്ലേജ് ഓഫീസിന് സമീപം എത്തിച്ചേരും വിധമാണ് ബൈപാസ് റോഡ് രൂപകല്പന ചെയ്തിട്ടുള്ളത്. ബൈപാസില്‍ കൊല്ലം-പുനലൂര്‍ ദേശീയപാതയ്ക്ക് കുറുകെ ഫ്ളൈഓവറും വിഭാവനം ചെയ്തിട്ടുണ്ട്. മൂന്നു കിലോമീറ്ററോളം ദൂരമുള്ള ബൈപാസ് റോഡിന്റെ നിര്‍മാണത്തിനുള്ള മേല്‍നോട്ട ചുമതല കേരളാ റോഡ് ഫണ്ട് ബോര്‍ഡിനാണ്.