കക്കുകളി നാടകം അടിയന്തിരമായി പിൻവലിക്കണം: കൊല്ലം രൂപത
1278725
Saturday, March 18, 2023 11:15 PM IST
കൊല്ലം: കത്തോലിക്കാ സഭയെയും സന്യസ്തരെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്ന കക്കുകളി നാടകം അടിയന്തിരമായി പിൻവലിക്കണമെന്ന് കൊല്ലം രൂപത ആവശ്യപ്പെട്ടു.
ക്രൈസ്തവ വിശ്വാസത്തെയും സന്യാസിനി സമൂഹങ്ങളെയും അവഹേളിക്കുന്നതാണ് നാടകം. സന്യസ്ത മൂല്യങ്ങളെ ആഭാസമായി ചിത്രീകരിക്കുന്ന മൂന്നാംകിട രചനയാണ് കക്കുകളി. അശരണർ, ആലംബഹീനർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവരുടെ ഉന്നമനത്തിന് അക്ഷീണ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സന്യസ്തരെ സമൂഹത്തിൽ അധിക്ഷേപിക്കുന്നതിൽ രൂപത പ്രതിഷേധിച്ചു.
പ്രതിഷേധത്തെ വകവയ്ക്കാതെ മുന്നോട്ടു പോയാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ അധ്യക്ഷതയിൽ ചേർന്ന രൂപതാ പാസ്റ്ററൽ കൗൺസിലിന്റേയും അൽമായ കമ്മീഷന്റേയും സന്യാസ സമൂഹത്തിന്റേയും ജാഗ്രതാ സമിതിയുടെയും സംയുക്ത യോഗം മുന്നറിയിപ്പ് നൽകി. നാടകം സാംസ്കാരിക വകുപ്പും ഉത്തരവാദിത്തപ്പെട്ട അധികാരികളും ഇടപെട്ട് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമരത്തിന്റെ ഭാഗമായി 23-ന് രാവിലെ പത്തിന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു.