ബൈക്ക് യാത്രക്കാരന് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍
1278724
Saturday, March 18, 2023 11:15 PM IST
പുനലൂര്‍: റോഡില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കാര്‍ യാത്രക്കാരായ രണ്ടുപേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു.
പിറവന്തൂര്‍ പ്രീതാ ഭവനില്‍ നിതീഷ് (31), പിറവന്തൂര്‍ ധന്യാഭവനില്‍ ധനീഷ് കൃഷ്ണന് (35) എന്നിവരാണ് അറസ്റ്റിലായത്. ജെസിബി ഓപ്പറേറ്ററായ പുനലൂര്‍ നെല്ലിപ്പള്ളി കല്ലാര്‍ കരിമ്പിന്‍വിള വീട്ടില്‍ രഞ്ജിത്തി (29)നാണ് മര്‍ദനമേറ്റത്. പുനലൂര്‍ -പത്തനാപുരം റോഡിൽ പിറവന്തൂര്‍ പൂവണ്ണുംമൂട് ജംഗ്ഷനില്‍ കഴിഞ്ഞരാത്രി ഒന്‍പതരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് പത്തനാപുരത്തു നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മര്‍ദനമേറ്റത്. രഞ്ജിത് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
റോഡില്‍ ഗതാഗതക്കുരുക്കുണ്ടായ സമയം പ്രതികളുടെ കാറിനെ മറികടന്ന് ബൈക്ക് ഓടിച്ചുപോകാന്‍ ശ്രമിച്ചതിലുള്ള വിരോധത്തിലാണ് രഞ്ജിത്തിനെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. നടുറോഡില്‍ രഞ്ജിത്തിനെ മര്‍ദിക്കുന്നതും ബൈക്ക് മറിച്ചിടുന്നതുമായ വീഡിയോ കഴിഞ്ഞരാത്രിയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മറ്റു യാത്രക്കാരില്‍ ആരോ പകര്‍ത്തിയതാണ് വീഡിയോ. മര്‍ദനം തുടരുന്നതിനിടെ മറ്റു യാത്രക്കാര്‍ എത്തി തടയുന്നതും വീഡിയോയില്‍ കാണാം. കൈകൊണ്ടും കല്ലുകൊണ്ടും തന്നെ മര്‍ദിച്ചെന്നും കല്ലുകൊണ്ടുള്ള ഇടിയില്‍ ചുണ്ട് മുറിഞ്ഞ് തുന്നലിട്ടിട്ടുണ്ടെന്നും ആശുപത്രിയില്‍ കഴിയുന്ന രഞ്ജിത് പറഞ്ഞു.