കക്കുകളി നാടകം ഉടൻ നിരോധിക്കണം: കെഎൽ സിഎ
1278714
Saturday, March 18, 2023 11:13 PM IST
കൊല്ലം: മതപരമായി ക്രൈസ്തവ മൂല്യങ്ങളെ വ്രണപ്പെടുത്തുന്ന കക്കുകളി എന്ന നാടകം സാംസ്കാരിക വകുപ്പ് ഉടൻ നിരോധിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത കമ്മിറ്റി.
ആവിഷ്കാര സ്വാതന്ത്ര്യം സംബന്ധിച്ച് ചർച്ചകൾ വ്യാപകമായി നടക്കുന്ന ഈ കാലഘട്ടത്തിൽ കഴിഞ്ഞ കുറേ നാളുകളായി കക്കുകളി എന്ന നാടകം ക്രൈസ്തവ മൂല്യങ്ങളെ വ്രണപ്പെടുത്തുന്നതായും ക്രൈസ്തവരുടെ മൗലിക അവകാശങ്ങളെ ഹനിക്കുനതായും തെളിഞ്ഞിട്ടുണ്ട്. ആർട്ടിക്കിൾ 19 നൽകുന്ന മൗലിക അവകാശമാണ് ആവിഷ്കാര സ്വാതന്ത്ര്യം. അതുപോലെ ഭരണഘടന തരുന്ന അവകാശമാണ് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുക എന്നത്.
ഏതെങ്കിലും ഒരു വിശ്വാസ സമൂഹത്തിനെ ഹനിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ വരുമ്പോൾ ഭരണാധികാരികൾ അതിനെ പ്രോത്സാഹിപ്പി ക്കരുത് എന്നാണ് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന് പറയാനുള്ളത്. ഇത്തരം വിവാദം ഉളവാക്കുന്ന നാടകം അടിയന്തിരമായി വേദികളിൽ നിന്നും ഒഴിവാക്കാൻ സാംസ്കാരികവകുപ്പ് ഉടൻ നടപടി കൈക്കൊള്ളണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി അസോസിയേഷൻ രംഗത്ത് വരുമെന്നും യോഗം ഉദ്ഘാടനം ചെയ്ത് രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസ് പറഞ്ഞു.
ജനറൽ സെക്രട്ടറി ജാക്സ്ൺ നീണ്ടകര, ട്രഷറർ ലക്റ്റീഷ്യ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോസഫ്കുട്ടി, വിൻസി, രൂപത ഭാരവാഹികളായ അനിൽ ജോൺ, പൗളിൻ എഡിസൺ, ജോയ് ഫ്രാൻസിസ്, ആൻഡിരു സിൽവ, അജിത, ഷിജോ, സാലി എന്നിവർ പ്രസംഗിച്ചു.