കാസര്‍ഗോഡ് നഗരത്തിലെ ഒറ്റത്തൂണ് പാലം ഗതാഗതത്തിന് തുറന്നു
1543889
Sunday, April 20, 2025 5:03 AM IST
കാസര്‍ഗോഡ്: ദേശീയപാത ഒന്നാം റീച്ചില്‍ ഉള്‍പ്പെടുന്ന കാസര്‍ഗോഡ് നഗരത്തിലെ ഒറ്റത്തൂണ് മേല്‍പ്പാലം താത്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുത്തു.
ഇന്നലെ വൈകുന്നേരത്തോടെയാണ് കാസര്‍ഗോഡ് നഗരത്തില്‍ മംഗലാപുരത്തു നിന്ന് ചെര്‍ക്കളയിലേക്കുള്ള ഭാഗം തുറന്നു കൊടുത്തത്. ദേശീയ പാതയിൽ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യറീച്ചില്‍ കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തു കൂടി കടന്നുപോവുന്ന മേൽപ്പാലത്തിന്റെ ഒരു ഭാഗം തുറന്നു കൊടുത്തതോടെ നഗരത്തിലെ ഗതാഗത ക്കുരുക്കിനും ഒരുപരിധിവരെ പരിഹാരമാവുകയാണ്.
ഈ ഭാഗത്ത് സര്‍വീസ് റോഡിന്റെ നിര്‍മാണം ആരംഭിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിള്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇത് പരിഗണിച്ചാണ് മേല്‍പ്പാലം തുറന്നു കൊടുത്തത്.
1.13 കിലോമീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ള പാലത്തിന് 29 സ്പാനുകളാണുള്ളത്. കറന്തക്കാട് അഗ്നിരക്ഷാ നിലയത്തിന് മുന്നിൽനിന്നും തുടങ്ങി നുള്ളിപ്പാടി അയ്യപ്പക്ഷേത്രത്തിന് മുന്നിലാണ് പാലം അവസാനിക്കുന്നത്. പാലത്തിന്റെ അടിഭാഗത്ത് വാഹന പാർക്കിംഗിനൊപ്പം ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം തുടങ്ങിയ പദ്ധതികള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടവും ഡിടിപിസിയും ഒരുങ്ങുന്നുണ്ട്.