എരിക്കുളത്ത് വീണ്ടും മണ്ണെടുപ്പ് കാലം
1543500
Friday, April 18, 2025 1:06 AM IST
നീലേശ്വരം: ജില്ലയുടെ മൺപാത്ര ഗ്രാമമായ എരിക്കുളത്ത് വിഷുവിന് പിന്നാലെ വീണ്ടും മണ്ണെടുപ്പ് കാലം തുടങ്ങി. അടുത്ത ഒരു വർഷക്കാലത്തേക്ക് മൺപാത്രങ്ങൾ നിർമിക്കുന്നതിനുള്ള കളിമണ്ണാണ് വിഷുവിനു പിന്നാലെയുള്ള രണ്ടാഴ്ചക്കാലം കൊണ്ട് എരിക്കുളം വയലിൽനിന്ന് കുഴിച്ചെടുക്കുന്നത്.
വയലിൽ പലയിടത്തായി മേൽമണ്ണ് നീക്കി ആഴത്തിൽ കുഴിയെടുത്താണ് കളിമണ്ണ് ശേഖരിക്കുക. പരമ്പരാഗത രീതിയിൽ മൺപാത്രങ്ങൾ നിർമിക്കുന്ന കുടുംബങ്ങളിലെ ആൺ-പെൺ വ്യത്യാസമില്ലാതെ മുഴുവൻ ആളുകളും മണ്ണെടുപ്പിൽ പങ്കാളികളാകും. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ മറ്റ് തൊഴിലുകൾ ചെയ്യുന്നവരും ഒപ്പം ചേരാറുണ്ട്. ഓരോ വീടിന്റെയും മുറ്റത്ത് തളമുണ്ടാക്കിയാണ് കിളച്ചെടുത്ത കളിമണ്ണ് സൂക്ഷിച്ചുവയ്ക്കുക. ഇടവപ്പാതി കഴിയാറാകുമ്പോഴേക്കും അടുത്ത സീസണിലേക്കുള്ള മൺപാത്രങ്ങളുടെ നിർമാണം തുടങ്ങും.
എരിക്കുളം ഗ്രാമത്തിൽ പരമ്പരാഗത രീതിയിൽ നിർമിക്കുന്ന മൺപാത്രങ്ങൾക്ക് ഭൗമസൂചികാ പദവി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. സാധാരണ രീതിയിലുള്ള മൺകലങ്ങൾക്കും വിഷുവിനോടനുബന്ധിച്ച് ചിത്രപ്പണികൾ നടത്തിയ കണിക്കലങ്ങൾക്കുമൊപ്പം പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായ പുതിയ രൂപങ്ങളിലും മൺപാത്രങ്ങൾ നിർമിക്കുന്നുണ്ട്.
എരിക്കുളം വയലിലെ കളിമണ്ണിൽ മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയ്ക്കു പുറമേ 20 ശതമാനത്തോളം കാത്സ്യവുമുണ്ടെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മണ്ണുകൊണ്ട് നിർമിക്കുന്ന പാത്രങ്ങൾക്ക് കൂടുതൽ ഉറപ്പും പോഷകസമ്പുഷ്ടതയും ലഭിക്കാൻ ഇത് വഴിയൊരുക്കുന്നു.
വിഷുക്കാലത്ത് കണിക്കലങ്ങളുടെ രൂപത്തിലാണ് എരിക്കുളത്തെ മൺപാത്രങ്ങൾ ഏറ്റവുമധികം വിൽക്കപ്പെടുന്നത്.
ഓരോ കുടുംബവും അവരവരുടെ ആവശ്യത്തിന് കളിമണ്ണ് ശേഖരിച്ചതിനു ശേഷം വീണ്ടും മേൽമണ്ണിട്ട് കുഴികൾ നികത്തും. ഈ രീതിയിൽ വർഷാവർഷം മണ്ണെടുത്ത് ഇളക്കിമറിക്കുന്നത് വയലിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനും സഹായകമാകുന്നുണ്ട്. പത്തേക്കറിലധികം വിസ്തൃതിയുള്ള വയലിൽ മഴക്കാലത്ത് നെൽകൃഷിയും മറ്റു സമയങ്ങളിൽ സമൃദ്ധമായ പച്ചക്കറി കൃഷിയും നടക്കുന്നുണ്ട്.