വ്യാജ സ്വർണം പണയം: നാലുപേർക്കെതിരെ കേസ്
1543884
Sunday, April 20, 2025 5:03 AM IST
കാഞ്ഞങ്ങാട്: സഹകരണ ബാങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമായി വ്യാജ സ്വർണം പണയപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസ്.
കരിന്തളം സർവീസ് സഹകരണബാങ്കിൽ വ്യാജ സ്വർണം പണയംവയ്ക്കാൻ ശ്രമിച്ചതിന് കൊല്ലംപാറയിലെ വി.രമ്യ (32), കരിന്തളം സ്വദേശികളായ ഷിജിത്ത്, രതികല എന്നിവർക്കെതിരെയാണ് ബാങ്ക് സെക്രട്ടറി വി.മധുസൂദനന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തത്. ബുധനാഴ്ച സ്വർണപ്പണയ വായ്പയ്ക്കായി ഇവർ കൊണ്ടുവന്ന 26,400 ഗ്രാം സ്വർണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബാങ്ക് അധികൃതർ പോലീസിൽ പരാതി നല്കിയത്.
കാഞ്ഞങ്ങാട്ടെ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിൽ മൂന്നുമാസം മുമ്പ് വ്യാജ സ്വർണം പണയം വച്ച് പണം തട്ടിയതിനാണ് കൊളവയൽ മുട്ടുന്തലയിലെ എ.നൗഷാദിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ജനുവരി 23 നാണ് ഇയാൾ മുത്തൂറ്റ് ശാഖയിൽ 11.9 ഗ്രാം സ്വർണം പണയപ്പെടുത്തി 65,726 രൂപയുടെ വായ്പയെടുത്തത്. ഈ സ്വർണം വ്യാജമാണെന്ന് പിന്നീട് പരിശോധനയൽ കണടെത്തിയതോടെയാണ് ബ്രാഞ്ച് മാനേജർ എം. മഞ്ജുള പോലീസിൽ പരാതി നല്കിയത്.