വേനൽമഴയിലും കാറ്റിലും പാലാവയലിൽ വ്യാപകനാശം
1542878
Wednesday, April 16, 2025 2:02 AM IST
പാലാവയൽ: വിഷുദിനത്തിൽ വൈകുന്നേരം നാലോടെ ശക്തമായ വേനൽമഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ പാലാവയലിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം. പാലാവയൽ, ഓടപ്പള്ളി, മെയ്യാൽ, മലാംകടവ്, ചാവറഗിരി, വെള്ളക്കല്ല്, മുനയംകുന്ന് ഭാഗങ്ങളിലാണ് വീടുകൾക്കും കാർഷികവിളകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചത്.
മരങ്ങൾ വ്യാപകമായി ഒടിഞ്ഞു വീണു. ഒട്ടേറെ വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഏക്കറു കണക്കിന് സ്ഥലത്തെ റബർ, കവുങ്ങ്, തെങ്ങ്, വാഴ കൃഷികൾക്കും നാശമുണ്ടായി.
വിവിധയിടങ്ങളിലായി നാല്പതോളം വൈദ്യുത തുണുകൾ തകർന്നു വീണതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായി. പലയിടങ്ങളിലും ഇനിയും അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല. മരങ്ങൾ പൊട്ടി വീണ് പാലാവയൽ-ഓടക്കൊല്ലി, ഓടക്കൊല്ലി-വെള്ളക്കല്ല് റോഡുകളിൽ അങ്ങിങ്ങായി ഗതാഗതം തടസപ്പെട്ടു. പെരിങ്ങോത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയുടെയും ചിറ്റാരിക്കാൽ പോലീസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ രാത്രി തന്നെ മരങ്ങൾ നീക്കിയാണ് റോഡുകൾ തുറന്നത്.
മലാംകടവ് വാർഡിൽ മോഹനൻ മുണ്ടപ്പള്ളിയിൽ, സജി ചാരംതൊട്ടി, ബേബി ഇടയാൽ, ജോസ് പുറയാറ്റിൽ, ഷാജു ആനത്താര, ജോണി വടക്കേക്കര, ഷിജോ ചേലക്കാട്ട്, സണ്ണി നായിക്കംപറമ്പിൽ, റോബിൻ ആനക്കല്ലിങ്കൽ, ഷാന്റു നല്ലുകുന്നേൽ, കുര്യാച്ചൻ അന്ത്യാംകുളം, ബിജു പറേയാലിൽ, അപ്പച്ചൻ ചാലിൽ എന്നിവരുടെയും പാലാവയൽ വാർഡിൽ പാമ്പക്കൽ തോമസ്, ജോസ് വട്ടക്കുന്നേൽ, കുഞ്ഞുമോൻ പോട്ടോത്ത്, ബെന്നി നെല്ലംകുഴിയിൽ, കൂട്ടുങ്കൽ ഷാജി എന്നിവരുടെയും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഷാജു കുറ്റിയാനി തറപ്പേൽ, കുരിശുംമൂട്ടിമലയിൽ ജോസ്, തോമസ് വലിയവിള, സെബാസ്റ്റ്യൻ ആനക്കല്ലിങ്കൽ എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. പൊരിയത്ത് ജോസഫിന്റെ കോഴി ഫാം കാറ്റിൽ തകർന്നു വീണു. മുനയംകുന്നിലെ ഓസ്റ്റിൻ എളമ്പാശേരിയുടെ വീടിനു മുകളിൽ മരം വീണു.
പാലാവയൽ സെന്റ് ജോൺസ് പള്ളി വക കൃഷിയിടത്തിലും ബേബി മണിമല, തറപ്പേൽ അപ്പച്ചൻ, സിബി മുട്ടത്ത്, ജോസ് കുണ്ടാലകോട്ട്, എ.കെ. ജോൺ അറയ്ക്കൽ, എ.കെ. ജോർജ് അറയ്ക്കൽ, ബിജു മാപ്പിളപറമ്പിൽ, ദേവസ്യ നരിമറ്റം, ജോർജുകുട്ടി മണ്ണഞ്ചേരിൽ, ജിജോ മണ്ണഞ്ചേരിൽ, ഷാജു പൊട്ടംപ്ലാക്കൽ, ബേബി പൊട്ടംപ്ലാക്കൽ, ജോഷി അന്ത്യാംകുളം, ജോബി അന്ത്യാംകുളം, ജോസ് പള്ളിക്കുന്നേൽ, ജോസഫ് കൊല്ലംപറമ്പിൽ, ആന്റണി ചാമക്കാല, ബാബു പോത്തനാമല, ആന്റണി വേലിക്കകത്ത്, കണിയാംകുന്നേൽ ജോണി, കാരക്കാട്ട് ബോബി, സുനിൽ കൂട്ടുങ്കൽ, ചെറിയാൻ പനന്തോട്ടം, ബോബി മാത്തശേരിൽ, ജോപ്പച്ചൻ ഞെഴുകുംകാട്ടിൽ എന്നിവരുടെ കൃഷിയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് പാറേക്കുടിലിൽ, തേജസ് ഷിന്റോ, വില്ലേജ് അസിസ്റ്റന്റ് ബൈജു, അസി. കൃഷി ഓഫീസർ ജയപ്രകാശ് എന്നിവർ വിവിധയിടങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.