പാണ്ടിക്കണ്ടം പാലത്തിലേക്ക് റോഡിന് കാത്തിരിപ്പ് നീളുന്നു
1543494
Friday, April 18, 2025 1:06 AM IST
ബോവിക്കാനം: മുളിയാർ-ബേഡഡുക്ക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് പയസ്വിനി പുഴയ്ക്ക് കുറുകെയുള്ള പാണ്ടിക്കണ്ടം പാലം ഉദ്ഘാടനം ചെയ്തിട്ട് ഏഴു വർഷമാകുന്നു. 2018 മെയ് 18ന് അന്നത്തെ ജലവിഭവമന്ത്രി മാത്യു ടി.തോമസാണ് പാലം ഉദ്ഘാടനം ചെയ്തത്. ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിൽ നിന്നും കുണ്ടംകുഴിയിൽ നിന്നും പാലത്തിലേക്ക് റോഡുകളുണ്ട്. പക്ഷേ മുളിയാർ പഞ്ചായത്തിന്റെ ഭാഗത്തെ റോഡ് ഇനിയും പൂർത്തിയാകാത്തതിനാൽ പാലം ഇതുവരെ പൂർണതോതിൽ ഗതാഗതത്തിന് പ്രയോജനപ്പെടുത്താനായിട്ടില്ല.
കുട്ടിയാനത്തുനിന്ന് പാലത്തിലേക്കുള്ള വനപാതയിലൂടെ ജീപ്പുകൾ മാത്രം ഏറെ ബുദ്ധിമുട്ടി കടന്നുപോകുന്നുണ്ട്. മഴക്കാലമായാൽ അതും നിലയ്ക്കും. കുട്ടിയാനത്തുനിന്ന് മൂന്നര കിലോമീറ്റർ ദൂരമാണ് പാലത്തിലേക്കുള്ളത്. ഇതിൽ കഷ്ടിച്ച് ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് ടാർ ചെയ്ത റോഡുള്ളത്.
ബാക്കിയുള്ള രണ്ട് കിലോമീറ്ററിൽ പകുതിയോളം ദൂരം വനമേഖലയിലൂടെ കടന്നുപോകുന്നതാണ്. ബാക്കി ഭാഗം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളാണ്.
സ്വകാര്യ ഭൂമി റോഡിനായി വിട്ടുനല്കാൻ ഉടമകൾ തയ്യാറായിട്ടുണ്ടെങ്കിലും ഈ ഭാഗം ടാറിംഗ് നടത്താൻ പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വനത്തിലൂടെ കടന്നുപോകുന്ന ഭാഗം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് വിട്ടുകിട്ടുന്നതിനുള്ള പ്രാഥമിക നടപടിക്രമങ്ങൾ പോലും തുടങ്ങിയിട്ടില്ല. മലയോരഹൈവേയ്ക്ക് വനഭൂമി വിട്ടുകിട്ടാൻ പോലും വർഷങ്ങളെടുക്കുന്ന സാഹചര്യത്തിൽ ഇനി നടപടിക്രമങ്ങൾ തുടങ്ങിയാലും എന്നേക്ക് വനഭൂമി വിട്ടുകിട്ടി റോഡ് നിർമാണം തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ ആർക്കും ഒരു ധാരണയുമില്ല.
നിലവിലുള്ള റോഡിൽ 600 മീറ്റർ ദൂരം രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഫണ്ട് ഉപയോഗിച്ചും ബാക്കി കുറച്ചുദൂരം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് ചില ഭാഗങ്ങളിൽ പാർശ്വഭിത്തിയും നിർമിച്ചിട്ടുണ്ട്. പക്ഷേ വനഭൂമിയും സ്വകാര്യഭൂമിയും ഉൾപ്പെടുന്ന ബാക്കിഭാഗത്തുകൂടി റോഡ് നിർമിക്കാതെ ഇതൊന്നും കൊണ്ട് ഒരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്.
പഞ്ചായത്ത് ആസ്ഥാനമായ ബോവിക്കാനത്തുനിന്ന് കുട്ടിയാനം വരെ നല്ല റോഡുണ്ട്. കുട്ടിയാനത്തുനിന്ന് പാലത്തിലേക്ക് ഗതാഗതയോഗ്യമായ റോഡ് നിർമിച്ചാൽ ഈ പാലം വഴി ബോവിക്കാനത്തുനിന്ന് ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി വരെ കുറഞ്ഞ ദൂരത്തിൽ എത്താൻ കഴിയും. ഇപ്പോൾ പൊയിനാച്ചി വഴിയോ കുറ്റിക്കോൽ വഴിയോ 20 കിലോമീറ്ററിലേറെ ചുറ്റി സഞ്ചരിക്കുന്ന ദൂരം 9 കിലോമീറ്ററായി കുറയും. ഇതുവഴി ബസ് സർവീസുകളും തുടങ്ങാനാകും. പാലം നിർമിക്കുമ്പോൾ നാട്ടുകാരുടെ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷയും ഇതായിരുന്നു.
പക്ഷേ റോഡിന്റെ കാര്യത്തിൽ പഞ്ചായത്ത് ഭരണസമിതികളും മറ്റു ജനപ്രതിനിധികളും നിസംഗത പാലിക്കുമ്പോൾ 21 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച പാലം ഏഴു വർഷമായി വെറുതേ കിടക്കുകയാണ്. പുലി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾക്ക് മുളിയാർ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ബേഡഡുക്ക പഞ്ചായത്തിലേക്ക് കടക്കാൻ മാത്രമാണ് ഈ പാലം കാര്യമായി പ്രയോജനപ്പെട്ടിട്ടുള്ളത്.
ഇനി എന്നേക്ക് റോഡ് വരുമെന്ന കാര്യത്തിൽ കൃത്യമായ ഉറപ്പ് നല്കാനും അധികൃതർക്ക് കഴിയുന്നില്ല.