പ്രതിസന്ധികൾ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കണം: സ്പീക്കർ
1542500
Sunday, April 13, 2025 7:41 AM IST
ചീമേനി: തിരിച്ചടികളില്‍ പതറിപ്പോകാതെ പ്രതിസന്ധികളെ നേരിടാനുള്ള മാനസിക ധൈര്യം നല്കി കുട്ടികളെ വളര്‍ത്താന്‍ അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണമെന്ന് സ്പീക്കര്‍ എ.എൻ.ഷംസീർ പറഞ്ഞു. താരതമ്യപഠനം നടത്താതെ ഓരോ കുട്ടിയുടെയും യഥാർഥ കഴിവുകൾ കണ്ടെത്തി അവയെ പരിപോഷിപ്പിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിനായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സ്പീക്കര്‍. പുതിയ സ്റ്റേജിന്റെ ഉദ്ഘാടനം എം.രാജഗോപാലന്‍ എംഎല്‍എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എ.ജി. അജിത് കുമാര്‍, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്, ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയരക്ടർ രാജേഷ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി.മധുസൂദനന്, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയര്‍ എം.സജിത്ത്, ജില്ലാ പഞ്ചായത്ത് എക്സി. എൻജിനീയര്‍ എന്‍.ഷൈനി, പ്രിന്‍സിപ്പല്‍ ജി.സുനില്‍ കുമാര്‍, മുഖ്യാധ്യാപകൻ വി.കെ.സക്കറിയ, പിടിഎ പ്രസിഡന്റ് എം.ഗംഗാധരന്, കരിമ്പിൽ കൃഷ്ണൻ, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കരീം ചന്തേര, ജെറ്റോ ജോസഫ്, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, സണ്ണി അരമന എന്നിവർ പ്രസംഗിച്ചു.