പുതിയ ബസ് പെർമിറ്റുകൾക്ക് കാത്തിരിപ്പ് നീളുന്നു
1543888
Sunday, April 20, 2025 5:03 AM IST
കാസർഗോഡ്: മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം ജില്ലയിൽ റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റി യോഗം ചേർന്നെങ്കിലും തുടർനടപടികൾ പിന്നെയും വൈകുന്നു. ഏറ്റവുമൊടുവിൽ ഫെബ്രുവരി 19 ന് ചേർന്ന ആർടിഎ യോഗത്തിന്റെ തീരുമാനങ്ങൾ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ഗ്രാമീണ പാതകളിൽ പുതിയ ബസ് പെർമിറ്റുകൾക്കായുള്ള 55 അപേക്ഷകളാണ് യോഗം പരിഗണിച്ചിരുന്നത്. ആർടിഎ യോഗത്തിന്റെ തീരുമാനം പുറത്തുവരാത്തതിനാൽ ബസ് ഉടമകളുടെയും നാട്ടുകാരുടെയും കാത്തിരിപ്പ് നീളുകയാണ്.
തീരുമാനം പുറത്തുവരുമ്പോൾ പുതിയ പെർമിറ്റുകൾ അനുവദിക്കപ്പെട്ടവരുടെ കാര്യത്തിലും സമയക്രമം ലഭിക്കണമെങ്കിൽ ഇനി മാസങ്ങൾ കഴിഞ്ഞ് അടുത്ത യോഗം ചേരുന്നതിനായി കാത്തിരിക്കേണ്ടിവരും.
മുൻകാലങ്ങളിൽ പുതിയ പെർമിറ്റുകൾ ആർടിഎ യോഗം അംഗീകരിച്ച ശേഷമാണ് ബന്ധപ്പെട്ട ഓപ്പറേറ്റർമാർ ബസ് വാങ്ങിയിരുന്നത്. ബസ് വാങ്ങിയതിനുശേഷം അതിന്റെ രേഖകൾ ഹാജരാക്കിയാൽ സമയക്രമം നിശ്ചയിച്ച് നല്കുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ മുൻകൂട്ടി ബസുകൾ വാങ്ങി അതിന്റെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ആദ്യം പെർമിറ്റും പിന്നീട് സമയക്രമവും അനുവദിച്ച് നല്കുന്നുള്ളൂ. ലക്ഷങ്ങൾ വായ്പയെടുത്ത് ബസുകൾ വാങ്ങിയതിനുശേഷം പെർമിറ്റ് കിട്ടാൻ അപേക്ഷ നല്കി മാസങ്ങളും വർഷങ്ങളും കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഉടമകൾ. വായ്പയുടെ തിരിച്ചടവ് തന്നെ ഇതിനകം അവരെ കടക്കെണിയിലാക്കുമെന്ന നിലയാണ്.
മുൻകാലങ്ങളിൽ ഒന്നു മുതൽ മൂന്ന് മാസം വരെയുള്ള ഇടവേളകളിൽ ആർടിഎ യോഗം ചേർന്ന് പെർമിറ്റ് അപേക്ഷകളുടെയും സമയക്രമത്തിന്റെയും കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഏഴു മാസം വരെ വൈകിയാണ് യോഗം ചേരുന്നത്. അതിന്റെ തന്നെ തീരുമാനം പുറത്തുവരാൻ പിന്നെയും രണ്ടു മാസത്തിലേറെ എടുക്കുന്ന അവസ്ഥയാണ്.
അപേക്ഷകൾ വച്ചുതാമസിപ്പിക്കാതെ പെട്ടെന്നുതന്നെ പെർമിറ്റുകളും സമയക്രമവും നിശ്ചയിച്ച് നല്കിയാൽ ബസുടമകൾക്കൊപ്പം സർക്കാരിനും നികുതികളുടെ രൂപത്തിൽ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കുക. റോഡുകളുണ്ടായിട്ടും ബസുളില്ലാതെ വലയുന്ന ഒട്ടനവധി പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതത്തിനും പരിഹാരമാകും. അപേക്ഷകരെ വർഷങ്ങളോളം വലയ്ക്കുമ്പോൾ ഈ ഗുണഫലങ്ങളെല്ലാം നഷ്ടമാവുകയാണ്.
പുതിയ പെർമിറ്റുകൾ കിട്ടാൻ പ്രയാസമാണെന്ന സ്ഥിതിയുണ്ടാകുന്നത് പഴയ പെർമിറ്റുകൾ മറിച്ചുവിൽക്കുന്നവർക്ക് പ്രോത്സാഹനമാകുന്നതായി ബസ് ഉടമകൾ പറയുന്നു. പെർമിറ്റുകൾ കൈമാറ്റം ചെയ്യുന്നതിന് നിയമതടസങ്ങളുണ്ടെങ്കിലും അതിനെ മറികടന്ന് കൈമാറ്റങ്ങൾ നടക്കുന്നുണ്ട്. ജില്ലയിൽ വർഷങ്ങളായി ഓടാതെ വച്ചിരിക്കുന്ന പഴയ സ്വകാര്യ ബസ് പെർമിറ്റുകൾ 10 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. പുതിയ ബസുകൾ വാങ്ങി പെർമിറ്റിനായി മാസങ്ങളും വർഷങ്ങളും കാത്തിരിക്കേണ്ടി വരുന്നതിന്റെ നഷ്ടം കണക്കിലെടുത്താണ് പലരും ഇത്രയും തുക നല്കി പഴയ പെർമിറ്റുകൾ വാങ്ങുന്നത്.
ജില്ലയിൽ 1995 കാലഘട്ടത്തിൽ 1200 ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ അത് 350 വരെയായി ചുരുങ്ങി. മലയോരത്ത് ഒട്ടേറെ പുതിയ റോഡുകൾ വന്നിട്ടും ബസ് സർവീസുകൾ തുടങ്ങിയിട്ടില്ല. പലയിടങ്ങളിലും ജീപ്പുകളുടെയും മറ്റും സമാന്തര സർവീസുകളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. എന്നിട്ടും പുതിയ ബസുകൾ വാങ്ങി സർവീസ് തുങ്ങൻ തയ്യാറായി വരുന്ന സംരംഭകരോട് മുഖം തിരിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് ബസ് ഉടമകളുടെ പരാതി.