ദളിതർ അധികാര രാഷ്ട്രീയത്തിന്റെ അകത്തളത്തിലെത്തണം: പി.രാമഭദ്രൻ
1543502
Friday, April 18, 2025 1:06 AM IST
കാസർഗോഡ്: അകത്തളത്തിൽ എത്തപ്പെട്ടാൽ മാത്രമേ ദളിതർക്ക് പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂവെന്ന് കേരള ദളിത് ഫെഡറേഷൻ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ പി.രാമഭദ്രൻ പറഞ്ഞു.
ഡോ.ബി.ആർ അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് ദളിതരും രാഷ്ട്രീയ അധികാരവും എന്ന വിഷയത്തില്‍ കെഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
.
രാഷ്ട്രീയ അധികാരം ഇല്ലാത്ത ജനവിഭാഗം കരയിൽ പിടിച്ചിട്ട മത്സ്യത്തെപ്പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ദളിതർക്ക് അർഹമായ രാഷ്ട്രീയ അധികാരം നാളിതുവരെയും കേരളത്തിൽ ലഭിച്ചിട്ടില്ല. അധികാരമുണ്ടെങ്കിലേ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി നയപരിപാടികൾ ആവിഷ്കരിച്ച് പ്രാവർത്തികമാക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
കെഡിഎഫ് ജില്ലാ പ്രസിഡന്റ് ഗോപി കുതിരക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ സി. കുട്ടമത്ത്, സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.പി.റുഫാസ്, നാരായണൻ പെരിയ, കെ.പി.കൃഷ്ണൻ പൂക്കളം, നാണു മുത്തനടുക്കം, എം.കമലാക്ഷി, രാജൻ സി.കാട്ടുമാടം എന്നിവര്‍ പ്രസംഗിച്ചു.