തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു
1542870
Wednesday, April 16, 2025 2:02 AM IST
കാസര്‍ഗോഡ്: തമിഴ്നാട് സ്വദേശി പെയിന്റ് തിന്നര്‍ ഒഴിച്ചു തീകൊളുത്തിയതിനെതുടര്ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകം മുന്നാട് പേര്യയിലെ പ്രവാസിയായ നന്ദകുമാറിന്റെ ഭാര്യ സി.രമിത (30) ആണ് മരിച്ചത്. മംഗളൂരു എജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രമിത തിങ്കളാഴ്ച രാത്രി 12ഓടെയാണ് മരിച്ചത്. പ്രതി തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതത്തെ (57) ബേഡകം പോലീസ് സംഭവം നടന്ന ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഈമാസം എട്ടിന് ഉച്ചകഴിഞ്ഞ് 3.20ഓടെയാണ് സംഭവം. മുന്നാട് മണ്ണടുക്കത്ത് ചെറിയൊരു പലചരക്കുകട നടത്തുകയായിരുന്നു രമിത. ഇതേ കെട്ടിടത്തില്‍ തൊട്ടടുത്തായി ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുന്നയാളാണ് രാമാമൃതം. മദ്യലഹരിയില്‍ രാമാമൃതം രമിതയെ അസഭ്യം പറയുകയും തുറിച്ചുനോക്കുകയും ചെയ്യുന്നത് പതിവായതോടെ രമിത ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെങ്കിലും ഇയാളെ താക്കീത് ചെയ്യുകയും ഇവിടെനിന്നും മുറിയൊഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റ വിരോധത്തിലാണ് രാമാമൃതം സംഭവദിവസം കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന രമിതയുടെ ദേഹത്ത് പെയിന്റ് തിന്നര്‍ ഒഴിച്ച് പന്തംകൊണ്ട് തീകൊളുത്തിയത്. ദേഹമാസകലം തീപടര്‍ന്ന രമിത കടയ്ക്കുള്ളില്‍ വട്ടത്തില്‍ ഓടുകയായിരുന്നെന്ന് സംഭവത്തിന് സാക്ഷിയായ രമിതയുടെ സുഹൃത്ത് സജിത പറഞ്ഞു.
'പുറത്തേക്കിറങ്ങി നിലത്തുകിടന്നുരുളാന് ഞാന്‍ അലറിവിളിച്ച് പറഞ്ഞു. അപ്പോഴാണ് ശ്രീകൃഷ്ണ ബസ് അവിടെയെത്തുന്നത്. യാത്രക്കാര്‍ ഓടിയെത്തി രമിതയുടെ ദേഹത്തു വെള്ളമൊഴിച്ചു. അപ്പോഴേക്കും രമിതയ്ക്ക് മാരകമായി പൊള്ളലേറ്റിരുന്നു. ഇതെല്ലാം അഞ്ചു മിനുറ്റിനുള്ളില്‍ സംഭവിച്ചു.'-സജിത പറഞ്ഞു.
അതേസമയം ബസ് പോകാന്‍ തുടങ്ങുമ്പോഴേക്കും പ്രതി രാമാമൃതവും ഇതില്‍ കയറി. അയാളാണ് തീകൊളുത്തിയതെന്ന് സജിത വിളിച്ചുപറഞ്ഞപ്പോള്‍ ബസിന്റെ രണ്ടു വാതിലുകളും ഡ്രൈവര്‍ ലോക്ക് ചെയ്യുകയും ബസ് നേരെ ബേഡകം പോലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പോലീസിന് കൈമാറുകയും ചെയ്തു.
90 ശതമാനം പൊള്ളലേറ്റ രമിതയ്ക്ക് അസഹ്യമായ വേദനയുള്ളതിനാല്‍ ആറുമണിക്കൂര്‍ ഇടവിട്ട് വേദനസംഹാരി നല്‍കിയിരുന്നു. രമിതയുടെ ചികിതസ്ക്കായി നാട്ടുകാര്‍ പണം സ്വരൂപിച്ചുവരികയായിരുന്നു. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് ഭര്‍ത്താവ് നന്ദകുമാര്‍. ഏകമകന് ദേവനന്ദ് കുണ്ടകുഴി ജിഎച്ച്എസ്എസിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്. ബേഡകം ചുള്ളി ചീറ്റക്കയയിലെ രാമുണ്ണി-സുധ ദമ്പതികളുടെ മകളാണ് രമിത. സഹോദരങ്ങള്‍: രമ്യ, രജിന.