പരപ്പ ആസ്പിരേഷൻ ബ്ലോക്ക് പദ്ധതിക്ക് ദേശീയ തലത്തിൽ അംഗീകാരം
1543883
Sunday, April 20, 2025 5:02 AM IST
കാസർഗോഡ്: ജില്ലയിലെ പരപ്പ ആസ്പിരേഷൻ ബ്ലോക്ക് പദ്ധതിക്ക് ദേശീയതലത്തിൽ അംഗീകാരം. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡാണ് പദ്ധതിക്ക് ലഭിച്ചത്. സിവിൽ സർവീസ് ദിനമായ ഏപ്രിൽ 21 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അവാർഡ് ഏറ്റുവാങ്ങും.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പരപ്പ ബ്ലോക്കിൽ വിവിധ മേഖലകളിലായി നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. രാജ്യത്തെ 264 ആസ്പിരേഷൻ ബ്ലോക്കുകളിൽ നിന്നാണ് പൊതുഭരണത്തിലെ മികവിനുള്ള ഒന്നാം സ്ഥാനം പരപ്പ ബ്ലോക്ക് നേടിയത്.
ആരോഗ്യം, സാമൂഹികക്ഷേമം, കൃഷി, സംരംഭകത്വ വികസനം, ഗോത്രവർഗ മേഖലയിലെ ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ സുതാര്യവും സമയബന്ധിതവുമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ മികവുറ്റ പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് പരപ്പയെ അർഹമാക്കിയത്.
പദ്ധതി പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നല്കിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.രവി, രാജു കട്ടക്കയം, ജോസഫ് മുത്തോലി, ഗിരിജ മോഹനൻ, പ്രസന്ന പ്രസാദ്, ടി.കെ.നാരായണൻ, പി.ശ്രീജ എന്നിവർക്കും ഭരണസമിതി അംഗങ്ങൾക്കും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലുമുള്ള ഉദ്യോഗസ്ഥർക്കും ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.രാജേഷിനും സംഘത്തിനും പ്രത്യേകം നന്ദി അറിയിക്കുന്നതായി കളക്ടർ പറഞ്ഞു.
കെ.ഇമ്പശേഖർ ജില്ലാ കളക്ടറായതിനുശേഷം ലഭിക്കുന്ന അഞ്ചാമത്തെ പുരസ്കാരവും ആദ്യത്തെ ദേശീയ പുരസ്കാരവുമാണ് ഇത്.