പഞ്ചായത്തിന്റെ റോഡ് കൈയേറി വേലികെട്ടാൻ വനംവകുപ്പിന്റെ നീക്കം
1542505
Sunday, April 13, 2025 7:41 AM IST
മാലോം: പുഞ്ചയിൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള റോഡ് കൈയേറി വനംവകുപ്പ് വേലികെട്ടാൻ കുഴികുത്തി. ബളാൽ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാലോം-മൈക്കയം റോഡിലെ പുഞ്ച ആനക്കുഴി ഭാഗത്താണ് വനംവകുപ്പ് ഫെൻസിങ്ങിനായി കുഴി കുത്തിയിരിക്കുന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തി.
വനാതിർത്തിയോട് ചേർന്നുള്ള മലമ്പ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ട് നാലു പതിറ്റാണ്ടു മുമ്പാണ് ഈ റോഡ് നിർമിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ജി.ദേവ് മുൻകൈയെടുത്ത് കമാൻഡ് ഏരിയ ഡെവലപ്പ്മെന്റ് അഥോറിറ്റി (കാഡ) യുടെ പദ്ധതിയിലാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇതിന് ജില്ലാ വികസന സമിതിയുടെ പ്രത്യേക അനുമതിയും ലഭിച്ചിരുന്നു.
തുടർന്ന് വർഷങ്ങളോളം ഇതുവഴി സുഗമമായി വാഹനഗതാഗതം നടന്നിരുന്നു. എന്നാൽ പിന്നീട് വനംവകുപ്പ് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. ഇതോടെ റോഡിൽ കാട് കയറി. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡാണെങ്കിലും ഇവിടെ നവീകരണ പ്രവൃത്തികൾ നടത്തുന്നതും വനംവകുപ്പ് തടഞ്ഞു. ഇതോടെ ആലുവ-മൂന്നാർ രാജപാതയ്ക്ക് സംഭവിച്ചതുപോലെ ഈ റോഡ് ഫലത്തിൽ വനത്തിനുള്ളിലായി.
റോഡ് വീണ്ടും ടാറിംഗ് നടത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതിനിടയിലാണ് വനംവകുപ്പ് റോഡ് കൈയേറി കുഴികുത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. റോഡിനെ വീണ്ടെടുക്കാനുള്ള അടിയന്തിര നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.