നളിനിക്ക് വിഷുക്കൈനീട്ടമായി സ്നേഹവീട്
1543156
Thursday, April 17, 2025 12:50 AM IST
കാഞ്ഞങ്ങാട്: സ്വന്തമായി അടച്ചുറപ്പുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം ചാമുണ്ഡിക്കുന്ന് റെയില്‍വേ ലൈനിന് സമീപത്തെ ദേജുനായിക്ക്-വി.നളിനി ദമ്പതികള്‍ക്ക് വിഷുക്കൈനീട്ടം പോലെ യാഥാര്‍ഥ്യമായി. തകര്‍ന്നടിഞ്ഞ് വാസയോഗ്യമല്ലാത്ത ഒരു കൂരയിലായിരുന്നു ഇരുവരുടെയും താമസം.
ഇവരുടെ കഷ്ടപ്പാട് കണ്ടറിഞ്ഞാണ് അജാനൂര്‍ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ് ഒരു വീട് വച്ചു കൊടുക്കാന്‍ തീരുമാനിച്ചത്. പദ്ധതി പ്രവര്‍ത്തനം തുടങ്ങി അപേക്ഷ പ്രകാരം തികച്ചും അര്‍ഹമായ ഒരു കുടുംബത്തെ തന്നെയാണ് ഈ പദ്ധതിക്കായി അജാനൂര്‍ സിഡിഎസ് തെരഞ്ഞെടുത്തത് യുദ്ധകാല അടിസ്ഥാനത്തില്‍ ആറുമാസം കൊണ്ട് 6.50 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടാണ് രണ്ടു കിടപ്പുമുറികളും സ്വീകരണമുറിയും അടുക്കളയും ശുചിമുറിയും ഉള്ള വീട് നിര്‍മിച്ചു നല്‍കിയത്.
ഓരോ വാര്‍ഡുകളിലും 100 രൂപയുടെ സമ്മാന കൂപ്പണ്‍ അച്ചടിച്ച് വിതരണം ചെയ്താണ് വീടു നിര്‍മിക്കാനുള്ള തുക കണ്ടെത്തിയത്. എം.രാജഗോപാലന്‍ എംഎല്‍എ താക്കോല്‍ദാനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായിയിരുന്നു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്, ജില്ലാ കുടുംബശ്രീ എഡിഎംസി ഡി.ഹരിദാസ്, ബ്ലോക്ക് പ്രസിഡന്റ് കെ.മണികണ്ഠന്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.സബീഷ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.മീന, കെ. കൃഷ്ണന്, ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.ജി.പുഷ്പ, ദേവി രവീന്ദ്രന്, കെ.സുജാത, കെ.രാജ്മോഹന്‍, കുഞ്ഞിരാമന് എക്കാല്‍, ഹമീദ് ചേരക്കാടത്ത്, സി.മുഹമ്മദ്കുഞ്ഞിഎന്നവര് സംസാരിച്ചു.
സിഡിഎസ് ചെയര്‍പേഴ്സണ്‍ എം.വി.രത്നകുമാരി സ്വാഗതവും വൈസ്ചെയര്‍പേഴ്സണ്‍ ബിന്ദു നന്ദിയും പറഞ്ഞു.