മയിലാട്ടിയിൽ ബെസ് സ്ഥാപിക്കാൻ ജിൻഡാൽ ഗ്രൂപ്പുമായി കരാർ ഒപ്പിട്ടു
1543153
Thursday, April 17, 2025 12:50 AM IST
കാസർഗോഡ്: മയിലാട്ടി 220 കെവി സബ് സ്റ്റേഷനോടനുബന്ധിച്ച് 125 മെഗാവാട്ട് വൈദ്യുതി സംഭരിക്കാൻ ശേഷിയുള്ള ബെസ് (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) സംവിധാനം സ്ഥാപിക്കാൻ കെഎസ്ഇബി ജിൻഡാൽ ഗ്രൂപ്പിനു കീഴിലുള്ള നിയോ എനർജി ലിമിറ്റഡുമായി കരാർ ഒപ്പിട്ടു. പകൽസമയത്ത് അധികമായി ലഭിക്കുന്ന സൗരോർജ വൈദ്യുതി ബാറ്ററി സംവിധാനത്തിൽ സൂക്ഷിച്ചുവച്ച് വൈദ്യുതി ഉപഭോഗം കൂടുന്ന സമയങ്ങളിൽ കെഎസ്ഇബിയുടെ ലൈനിലേക്ക് നല്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നേരത്തേ മുള്ളേരിയയിൽ 60 മെഗാവാട്ട് അവർ ശേഷിയുള്ള മിനി ബെസ് സ്ഥാപിക്കാൻ കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനുമായി കരാറിലെത്തിയിരുന്നു.
ബെസ് സംവിധാനം സ്ഥാപിക്കുന്നതോടെ പീക്ക് സമയങ്ങളിൽ പ്രധാന ലൈനിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങിയാലും നാലു മണിക്കൂർ നേരം വരെ ഈ സംവിധാനത്തിൽ നിന്ന് വൈദ്യുതി വിതരണം ഉറപ്പുവരുത്താനാകും. ഇതോടെ വേനൽക്കാലങ്ങളിൽ അമിത വൈദ്യുതി ഉപഭോഗം മൂലം ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടിവരുന്ന അവസ്ഥ ഇല്ലാതാക്കാമെന്നാണ് പ്രതീക്ഷ.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് സംസ്ഥാനത്ത് ബെസ് സംവിധാനം നടപ്പിലാക്കുന്നത്. ഇപ്പോൾ കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന പീക്ക് അവറുകളിൽ പുറത്തുനിന്ന് വാങ്ങുകയാണ് കെഎസ്ഇബി ചെയ്യുന്നത്. അതിന് കൂടുതൽ പണം നൽകേണ്ടി വരുന്നുണ്ട്.
ബെസ് സംവിധാനം നിലവിൽ വരുന്നതോടെ ഈ അധികച്ചെലവ് കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര ഊർജ മന്ത്രാലയത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ച 135 കോടി രൂപയുടെ വയബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളിലായി ആകെ 750 മെഗാവാട്ട് വരെ ശേഷിയുള്ള ബെസുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.