ഓട്ടോഡ്രൈവറുടെ കൊലപാതകം: മുന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
1542869
Wednesday, April 16, 2025 2:02 AM IST
കാസര്‍ഗോഡ്: ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതിയായ മുന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കര്‍ണാടക മുല്‍ക്കി കൊളനാട് സ്വദേശി മുഹമ്മദ് ഷെരീഫിനെ (52) കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക സൂറത്കല്‍ കല്ലാപ്പു സ്വദേശി അഭിഷേക് ഷെട്ടി (25) ആണ് അറസ്റ്റിലായത്.
ആറുമാസം മുമ്പ് സ്കൂള്‍ ബസ് തന്റെ ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കാത്തതിനെതുടര്‍ന്ന് ഷെരീഫും അഭിഷേകും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെ മംഗളൂരുവിലെ ഓട്ടോഡ്രൈവര്‍മാര്‍ അഭിഷേക് ഓടിക്കുന്ന സ്കൂള്‍ ബസിന് മനഃപൂര്‍വം സൈഡ് നല്‍കാതിരിക്കുന്ന സംഭവങ്ങളുമുണ്ടായി. പിന്നീട് അശ്രദ്ധമായി ബസോടിക്കുന്നു എന്ന പരാതി ലഭിച്ചതിനെതുടര്‍ന്ന് അഭിഷേകിനെ ജോലിയില്‍നിന്നും പിരിച്ചുവിടുകയും ചെയ്തു.
ഇതിന്റെ വിരോധത്തില്‍ ഈമാസം ഒമ്പതിന് മംഗളൂരു ബൈക്കംപാടിയില്നിന്നും ഷെരീഫിന്റെ ഓട്ടോ വാടകയ്ക്കു വിളിച്ച അഭിഷേക് കാസര്‍ഗോഡ് മഞ്ചേശ്വരം മഹലിംഗേശ്വര അഡ്കപള്ളയിലെ വിജനമായ സ്ഥലത്തെത്തിക്കുകയും കൈയില്‍ കരുതിയ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി ആള്‍മറയില്ലാത്ത കിണറ്റില്‍ തള്ളുകയുമായിരുന്നു. കൃത്യം നടത്തിയശേഷം അഭിഷേക് റോഡിലേക്കിറങ്ങി ഒരു സ്കൂട്ടര്‍ കൈകാണിച്ചു നിര്‍ത്തി അതില്‍ക്കയറി തലപ്പാടിയിലേക്ക് പോവുകയും അന്നു രാത്രി അവിടെയുള്ള ബന്ധുവീട്ടില്‍ കഴിയുകയും ചെയ്തു.
അന്നേദിവസം തന്നെ കിണറിനു സമീപത്ത് ഓട്ടോറിക്ഷ ചെരിഞ്ഞു കിടക്കുന്ന നിലയില്‍ കണ്ട വഴി യാത്രക്കാരനാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനരികില്‍ ചോരത്തുള്ളികളും ചെരുപ്പും പേഴ്സും കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്തപ്പോള്‍ കഴുത്തിനു പിന്നില്‍ കുത്തേറ്റത് കണ്ടതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമാകുന്നത്.
ഓട്ടോയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആളെ തിരിച്ചറിഞ്ഞു. കര്‍ണാടക പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഷെരീഫിനെ കാണാനില്ലെന്ന് വീട്ടുകാര്‍ മുല്‍ക്കി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി അറിഞ്ഞു. സാധാരണ ഓട്ടം കഴിഞ്ഞ് രാത്രി 10നു മുമ്പ് വീട്ടിലെത്താറുള്ള ഷെരീഫ് പിറ്റേന്ന് രാവിലെയായിട്ടും എത്താത്തതിനെതുടര്‍ന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയത്.
ഇതേത്തുടര്‍ന്ന് കാസര്‍ഗോഡ് അഡീഷണല്‍ എസ്പി പി.ബാലകൃഷ്ണന് നാര, ഡിവൈഎസ്പി സി.കെ.സുനില്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ.അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. 14 ലഹരികടത്ത് കേസുകളിലെ പ്രതിയാണ് അഭിഷേക് ഷെട്ടി. ഇയാളുടെ പിതാവും കൊലക്കേസ് പ്രതിയാണ്. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത്.
ലഹരി ഇടപാടുകള്‍ക്കായി പലവട്ടം വന്നിട്ടുള്ളതിനാല്‍ മഞ്ചേശ്വരം മേഖല അഭിഷേകിന് സുപരിചിതമാണ്. തന്റെ പതിവ് ഹെയര്‍സ്റ്റൈല്‍ മാറ്റിയതിനാലും രാത്രിയായതിനാലും ഓട്ടം വിളിക്കാന്‍ വന്ന അഭിഷേകിനെ ഷെരീഫിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ 208 സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സംഭവം നടന്ന് മൂന്നുദിവസത്തിനകം പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.