എല്ലാരും എന്റെ മക്കളാണ്; ക്ലാസിലെ മുഴുവൻ കുട്ടികൾക്കും വിഷുക്കോടിയുമായി ഒരധ്യാപിക
1542503
Sunday, April 13, 2025 7:41 AM IST
കാഞ്ഞങ്ങാട്: അധ്യയന വർഷം കഴിയുമ്പോൾ അധ്യാപികയെ വിട്ടുപോരാനാകാതെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികൾ പലപ്പോഴും എൽപി സ്കൂൾ ക്ലാസുകളിലെ പതിവു കാഴ്ചയാണ്. അങ്ങനെ കുട്ടികളുമായി സ്നേഹം പങ്കുവച്ച് പിരിഞ്ഞ ഒരധ്യാപിക ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്റെ പ്രിയപ്പെട്ട കുട്ടികൾക്ക് വിഷുക്കോടിയുമായി വീടുകളിലെത്തിയ കഥയാണ് ഇപ്പോൾ കാഞ്ഞങ്ങാട്ടെ കുട്ടികൾക്ക് പറയാനുള്ളത്.
കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എസികെഎൻഎം ഗവ: യുപി സ്കൂൾ അധ്യാപിക എസ്.എ. സുജനയാണ് ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും സ്വന്തം മക്കൾക്കെന്നപോലെ വിഷുക്കോടി വാങ്ങി അവരുടെ വീടുകളിലെത്തിയത്. ക്ലാസിലെ ഓരോ പെൺകുട്ടിയുടേയും ആൺകുട്ടിയുടേയും രൂപഭാവങ്ങൾ ഹൃദിസ്ഥമായ സുജന അവരവരുടെ അളവിനൊത്ത ഉടുപ്പുകൾ തന്നെയാണ് തെരഞ്ഞെടുത്ത് വാങ്ങിയത്.
കഴിഞ്ഞ വർഷത്തെ ഒന്നാംക്ലാസിൽ പഠിച്ച നഗരസഭയുടെയും അജാനൂർ, മടിക്കൈ പഞ്ചായത്തുകളുടെയും വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന 25 കുട്ടികളുടെ വീടുകളിലേക്കാണ് സുജന വിഷുക്കോടിയുമായി കയറിച്ചെന്നത്.
സ്കൂളിലെ കാര്യമെല്ലാം മറന്ന് കളിയും കുസൃതിയുമായി നടക്കുകയായിരുന്ന കുട്ടികൾ പെട്ടെന്ന് ടീച്ചർ വരുന്നതുകണ്ട് അമ്പരന്നു. പൊടുന്നനേ അമ്പരപ്പ് ആവേശത്തിനും വിഷുക്കോടി കണ്ടതിന്റെ ആഹ്ളാദത്തിനും വഴിമാറി.
അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊക്കെ ടീച്ചറെ പരിചയപ്പെടുത്താനും ചില കുസൃതികൾ മറന്നില്ല. പഠനത്തിനൊപ്പം കളികളിലൂടെ അറിവുകൾ നേടുന്ന പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്കൊപ്പം കട്ടയ്ക്ക് നിന്ന സുജന ടീച്ചറെ എല്ലാവർക്കും അത്രമേൽ ഇഷ്ടമായിരുന്നു.
ജൂൺ മാസത്തിൽ രണ്ടാം ക്ലാസിലേക്ക് വരുമ്പോൾ ക്ലാസ് ടീച്ചറായിട്ടല്ലെങ്കിലും മറ്റേതെങ്കിലും വിധത്തിൽ വീണ്ടും കാണാമെന്ന് കുട്ടികൾക്കെല്ലാം ഉറപ്പുനല്കിയാണ് സുജന മടങ്ങിയത്.