എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മരണം: സഹപാഠികള്‍ക്കും വാര്‍ഡനുമെതിരെ കുടുംബം
1542871
Wednesday, April 16, 2025 2:02 AM IST
കാഞ്ഞങ്ങാട്: എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി പി.പി. അമ്പിളി (24) ജീവനൊടുക്കാന്‍ കാരണം സഹപാഠികളുടെയും ഹോസ്റ്റല്‍ വാര്‍ഡന്റെയും മാനസികപീഡനമെന്ന് കുടുംബം. പടന്ന ഉദിനൂര്‍ തടിയന്‍കൊവ്വല്‍ സ്വദേശിനിയായ അമ്പിളിയെ ഈമാസം അഞ്ചിന് രാത്രി 11ന് ഹോസ്റ്റല്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ സഹപാഠി കണ്ടെത്തിയെന്നാണ് കുടുംബത്തിനു ലഭിച്ച വിവരം. എന്നാല്‍, ആറിനു പുലര്‍ച്ചെ 2.12 വരെ അമ്പിളിയുടെ ഫോണ്‍ ഉപയോഗത്തില്‍ ഇരുന്നതായി ബന്ധുക്കള്‍ പറയുന്നു.
മൂന്നുപേര്‍ക്കൊപ്പമാണ് അമ്പിളി താമസിച്ചിരുന്നത്. ഇതില്‍ രണ്ടുപേര്‍ അമ്പിളിയെ സ്ഥിരമായി പരിഹസിക്കുകയും ദ്രോഹിക്കുകയും ചെയ്യുമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഡെര്‍മറ്റോളജി ഡിപ്പാര്‍ട്ട്മെന്റ് അധ്യാപിക കൂടിയായ വാര്ഡന് ഇതിന് ഒത്താശ ചെയ്തു കൊടുത്തു. ഒരുതവണ ആത്മഹത്യ കുറിപ്പെഴുതി അമ്പിളിയുടെ ബാഗില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍, ഇതു തന്റെ കൈയക്ഷരമല്ലെന്ന് അന്ന് അമ്പിളി പറഞ്ഞിരുന്നു. പിന്നീട് സഹപാഠികള്‍ തങ്ങളുടെ മേക്കപ്പ് കിറ്റ് അമ്പിളിയുടെ ബാഗില്‍ ഒളിപ്പിച്ചുവച്ച് അമ്പിളിയെ മോഷ്ടാവായി ചിത്രീകരിച്ചു. ഇത് അമ്പിളിയുടെ പഠനത്തെ സാരമായി ബാധിച്ചു.
എംബിബിഎസ് ഒന്നാംവര്‍ഷ പരീക്ഷയില്‍ ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന അമ്പിളി രണ്ടാംവര്‍ഷം അനാട്ടമി പരീക്ഷയില്‍ പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് അമ്പിളി സൈക്യാട്രിസ്റ്റിന്റെ സഹായം തേടിയിരുന്നു. മരിച്ചതിനുശേഷം അമ്പിളി മുമ്പു രണ്ടുതവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടെന്ന വ്യാജ വാര്‍ത്ത ഓൺലൈൻ മാധ്യമങ്ങളില്‍ നല്‍കിയതായും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കളമശേരി പോലീസ് സ്റ്റേഷനിലും അമ്മ പി.പി. ഗീത പരാതി നല്‍കിയിട്ടുണ്ട്.
ഹോട്ടല്‍ സപ്ലൈയറായ ചന്ദ്രന്റെയും തയ്യല്‍ തൊഴിലാളിയായ ഗീതയുടെയും മൂത്ത മകളായ അമ്പിളി പഠനത്തില്‍ മിടുക്കിയായിരുന്നു. എംബിബിഎസ് സ്വപ്നവുമായി എന്‍ട്രന്‍സ് എഴുതിയെങ്കിലും ആയുര്‍വേദ കോഴ്സിലാണ് അഡ്മിഷന് ലഭിച്ചത്. താത്പര്യമില്ലായിരുന്നെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി തിരുവനന്തപുരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു. എന്നാല്‍, വീട്ടുകാരോട് പോലും പറയാതെ എംബിബിഎസിനായി അമ്പിളി തയാറെടുക്കുന്നുണ്ടായിരുന്നു. ഒന്നരവര്‍ഷത്തെ കഠിനപരിശ്രമത്തിനൊടുവില്‍ കേരളത്തിലെ മികച്ച മെഡിക്കല്‍ കോളജുകളിലൊന്നായ എറണാകുളം കളമശേരിയിലെ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടുകയായിരുന്നു.