പിലിക്കോട് ക്ഷേത്രത്തെക്കുറിച്ച് വ്യാജപ്രചാരണമെന്ന് ഭാരവാഹികള്‍
1542876
Wednesday, April 16, 2025 2:02 AM IST
കാസര്‍ഗോഡ്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിന് അവമതിപ്പുണ്ടാക്കും വിധം പ്രചാരണങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നുവരുന്നതെന്ന് ഭാരവാഹികള്‍. ഒരുമാസത്തെ പാട്ടുത്സവവും പൂരോത്സവവും മറ്റു വിശേഷാല്‍ ചടങ്ങും നടക്കുന്ന ആരാധനാലയമെന്നതിനാല് ക്ഷേത്ര നാലമ്പലത്തിനത്ത് ഭക്തര്‍ പ്രവേശിക്കാറില്ല. കലശോത്സവ സമാപനദിവസം ഏതാനും ചെറുപ്പക്കാര്‍ ക്ഷേത്രത്തിലെത്തി നാലമ്പലത്തില്‍ കയറാന്‍ അനുവാദം വേണമെന്ന് ക്ഷേത്രം തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പൂര്‍വികമായി നടന്നുവന്ന ആചാരാനുഷ്ഠാനങ്ങളില്‍ തനിക്ക് മാറ്റം വരത്താന് ആകില്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. അതിനുശേഷം ഒരുമാസം പൂരോത്സവം നാട്ടുകൂട്ടായ്മയുടെ സഹായസഹകരണത്തോടെ ഭംഗിയായി നടന്നു.
ഇതിനുശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെ 16 ഓളം പേര് ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തെ നടതുറന്ന് നാലമ്പലത്തിനകത്തേക്ക് കയറുകയും തിരിച്ചുപോവുകയും ചെയ്തു. ഈ സംഭവത്തെ വലിയതോതില്‍ തെറ്റിദ്ധാരണയുണ്ടാക്കും വിധത്തിലാണ് പ്രചാരണം നടത്തത്. രയരമംഗലം ക്ഷേത്രത്തില്‍ കാര്മികര് ഒഴികെ മറ്റാരും നാലമ്പലത്തില്‍ പ്രവേശിക്കാറില്ലെന്നതാണ് വസ്തുതയെന്നിരിക്കെ മേല്‍ജാതിക്കാര്‍ക്കു മാത്രം പ്രവേശിക്കാമെന്നും കീഴ്ജാതിക്കര്ക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന വ്യാജപ്രചാരണം ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് എന്‍.വി. രവീന്ദ്രന്, നവീകരണ സമിതി പ്രസിഡന്റ് എം.വി. തമ്പാന് പണിക്കര്‍, വൈസ് പ്രസിഡന്റുമാരായ എം. ദാമോദരന്‍, എം.പി. പദ്മനാഭന്, സാമ്പത്തിക കമ്മിറ്റി ചെയര്മാന് പി.കെ. വിനയകുമാര്‍, എം. ഭാസ്കരന്, പി.പി. അടിയോടി, കുഞ്ഞികൃഷ്ണന് അടിയോടി, കെ.പി. ചന്ദ്രന്, പി.സി. പ്രസന്ന എന്നിവര്‍ സംബന്ധിച്ചു.