കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ടിക്കറ്റ് റിസര്‍വേഷന്‍ നിര്‍ത്തലാക്കി
1543499
Friday, April 18, 2025 1:06 AM IST
കാസര്‍ഗോഡ്: കെഎസ്ആര്‍ടിസി കാസര്‍ഗോഡ് ഡിപ്പോയില്‍ ടിക്കറ്റ് റിസര്‍വേഷന്‍ സേവനം നിര്‍ത്തലാക്കി. എന്നാല്‍ ഇതേ ഡിപ്പോയില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസുകള്‍ക്കുള്ള റിസര്‍വേഷന്‍ മുടക്കമില്ലാതെ തുടരുന്നുണ്ട്. ഒരുമാസം മുമ്പു വരെ ഉണ്ടായിരുന്ന റിസര്‍വേഷന്‍ സൗകര്യമാണ് കെഎസ്ആര്‍ടിസി ഒഴിവാക്കിയത്. കെഎസ്ആര്‍ടിസി കണ്ണൂര്‍, കോഴിക്കോട് ഡിപ്പോകളില്‍ റിസര്‍വേഷന്‍ സൗകര്യം തുടരുന്നുണ്ട്.
കാസര്‍ഗോഡ് ഡിപ്പോയില്‍ രണ്ടാംനിലയിലായിരുന്നു റിസര്‍വേഷന്‍ കൗണ്ടര്‍. താഴത്തെ നിലയിലാണ് കര്‍ണാടക കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ കൗണ്ടര്‍. ഓണ്‍ലൈന്‍ വഴി റിസര്‍വേഷന്‍ ചെയ്യാന്‍ അറിയാത്തവര്‍ ഉള്‍പ്പെടെ പലരും ഡിപ്പോയില്‍ നേരിട്ടെത്തിയാണ് ഇതു ചെയ്തിരുന്നത്. ഇങ്ങനെ എത്തുന്നവരെയെല്ലാം ഇപ്പോള്‍ കെഎസ്ആര്‍ടിസി അധികൃതര്‍ മടക്കിവിടുകയാണ്. ഒടുവില്‍ ഇവരില്‍ പലരും താഴത്തെ നിലയിലുള്ള കര്‍ണാടക റിസര്‍വേഷന്‍ കൗണ്ടറില്‍ എത്തി കര്‍ണാടക കോര്പറേഷന് ബസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ്.
ഡിപ്പോയിലെ ടിക്കറ്റ് ആന്‍ഡ് കാഷ് കൗണ്ടറിലെ ജീവനക്കാരുടെ സേവനം തുടര്‍ന്നും ഉപയോഗപ്പെടുത്തിയാല്‍ റിസര്‍വേഷന്‍ സൗകര്യം കൂടി യാത്രക്കാര്‍ക്ക് ലഭിക്കും. ഇതിന് അധിക സാമ്പത്തികബാധ്യതയില്ല. എന്നാല്‍ പ്രതിമാസം 500 ടിക്കറ്റ് റിസര്‍വേഷന്‍ ഉണ്ടെങ്കില്‍ മാത്രം കൗണ്ടര്‍ റിസര്‍വേഷന്‍ തുടര്‍ന്നാല്‍ മതിയെന്ന നിലാപാടിലാണ് അധികൃതര്‍.
ഇതോടെ യാത്രക്കാര്‍ കര്‍ണാടക ബസുകളെ കൂടുതലായി ആശ്രയിക്കുന്നു. നേരത്തെ അനുവദിച്ചിരുന്ന കൗണ്ടര്‍ രണ്ടാംനിലയില്‍ ആയതിനാല്‍ അപ്പോഴും പലരും താഴത്തെ കൗണ്ടറിലാണ് ടിക്കറ്റെടുത്തിരുന്നത്. ഇതാണ് കേരള കെഎസ്ആർടിസിയുടെ റിസര്‍വേഷൻ കുറയാന്‍ കാരണമായത്.