പാലത്തിനായുള്ള കാത്തിരിപ്പ് തീരുന്നു
1543497
Friday, April 18, 2025 1:06 AM IST
കരിന്തളം: കിനാനൂർ-കരിന്തളം, കോടോം-ബേളൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിളിയളം-വരഞ്ഞൂർ-കമ്മാടം കിഫ്ബി റോഡിൽ കിളിയളം ചാലിന് കുറുകെ പുതിയ പാലത്തിനായുള്ള കാത്തിരിപ്പ് തീരുന്നു. കിഫ്ബി പദ്ധതിയിൽ 4.2 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ പാലത്തിന്റെ ഉദ്ഘാടനം 22 ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.
കിഫ്ബി പദ്ധതിയിൽ 25 കോടി രൂപ ചെലവിൽ റോഡിന്റെ നിർമാണം പൂർത്തിയാക്കിയിട്ട് വർഷങ്ങളായെങ്കിലും കിളിയളം പാലത്തിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ റോഡ് കൊണ്ടുള്ള യഥാർഥ പ്രയോജനം ലഭിച്ചിരുന്നില്ല. പാലവും സമീപന റോഡുകളും 2016-17 വർഷം തന്നെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സാങ്കേതിക നടപടിക്രമങ്ങൾ അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.
2021 ലാണ് പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ടെൻഡർ വിളിച്ചത്. എന്നാൽ പ്രവൃത്തികൾ തുടങ്ങാനും പൂർത്തിയാകാനും പിന്നെയും വർഷങ്ങളെടുത്തു. പാലത്തിന്റെ നിർമാണം തുടങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് സമീപപ്രദേശങ്ങളിലുള്ളവർ കടുത്ത യാത്രാദുരിതത്തിലായിരുന്നു.
പുതിയ പാലം തുറക്കുന്നതോടെ ചാങ്ങാട്, പുതുക്കുന്ന്, വട്ടക്കല്ല്, ചേടിക്കുണ്ട് വരഞ്ഞൂർ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൊല്ലംപാറ വഴി നീലേശ്വരത്തേക്കും ബാനം, പരപ്പ വഴി താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്കും കുറഞ്ഞ ദൂരത്തിൽ എത്താനാകും. മലയോരത്തിന്റെ പ്രകൃതിസൗന്ദര്യത്തോട് ചേർന്നു നിൽക്കുന്ന തരത്തിലുള്ള നിർമാണഭംഗിയും പാലത്തിന്റെ ആകർഷണമാണ്.