നൂറുമേനി വിളയിച്ച് എൻഎസ്എസ് വോളണ്ടിയർമാർ
1532216
Wednesday, March 12, 2025 5:23 AM IST
മുക്കം: വിദ്യാർഥികളിൽ കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും അവരെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുമായി ആരംഭിച്ച പച്ചക്കറി കൃഷിയിൽ നൂറ് മേനി വിളവ് നേടി എൻഎസ്എസ് വോളണ്ടിയർമാർ. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന് കീഴിലാണ് സ്കൂൾ മുറ്റത്ത് പൂർണമായും ജൈവ രീതിയിൽ പച്ചക്കറി കൃഷിയാരംഭിച്ചത്.
എൻഎസ്എസ് ജില്ലാതല പദ്ധതിയായ ഹരിത ഭൂമിയുടെ ഭാഗമായായിരുന്നു കൃഷി. വിത്തിറക്കിയത് മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങൾ വിദ്യാർഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തിലായിരുന്നു നടന്നത്.
കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്ത് അംഗം വി. ഷംലുലത്ത് നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഫസൽ ബാബു അധ്യക്ഷത വഹിച്ചു.