ചുള്ളിയങ്കം പുനരധിവാസ പദ്ധതി പൂർത്തിയായില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1532224
Wednesday, March 12, 2025 5:30 AM IST
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പനക്കച്ചാൽ ചുള്ളിയങ്കം ഉന്നതി കേന്ദ്രത്തിലെ ആദിവാസി കോളനി കുടുംബങ്ങൾക്കായി രണ്ടുവർഷം മുമ്പ് പീലിക്കുന്നിൽ തുടക്കമിട്ട പുനരധിവാസ പദ്ധതി യാഥാർഥ്യമാക്കിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കോഴിക്കോട് ജില്ലാ കളക്ടറും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയും പരാതിയെ കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
27 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2018 ലെ പ്രളയസമയത്ത് ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നാണ് ചുള്ളിയങ്കത്തെ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
17 കുടുംബങ്ങൾക്കാണ് ഇവിടെ വീടൊരുങ്ങുന്നത്. പണി പൂർത്തിയാകാത്ത വീടുകളിൽ അഞ്ചു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സ്ഥലത്ത് കുടിവെള്ളം കിട്ടുന്നില്ലെന്നും പരാതിയുണ്ട്.