ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം
1532217
Wednesday, March 12, 2025 5:23 AM IST
പേരാമ്പ്ര: ചേനോളി കണ്ണമ്പത്ത് പാറ ശ്രീ കരിയാത്തൻ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. ക്ഷേത്രത്തിൽ കഴിഞ്ഞ 7-ാം തീയതി സമാപിച്ച തിറ മഹോത്സവത്തിനോടനുബന്ധിച്ച് ഏകദേശം ഒന്നേകാൽ ലക്ഷം രൂപയോളം ഭണ്ഡാര വരവുണ്ടായിരുന്നുവെന്നാണ് അനുമാനം.
ക്ഷേത്രത്തിൽ മലയാള മാസത്തിലെ ഒന്നാം തീയതി വൈകുന്നേരത്തെ പൂജയും വാർഷിക ഉത്സവവുമാണ് പതിവ്. ക്ഷേത്ര ജീവനക്കാരനായ ഒ.എം. രാജീവൻ തിങ്കളാഴ്ച സന്ധ്യയ്ക്ക് വിളക്ക് തെളിയിക്കാൻ എത്തിയപ്പോഴാണ് ഭണ്ഡാരം തകർന്നു കിടക്കുന്നതായി കണ്ടത്.
വിവരം അറിഞ്ഞതോടെ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ സ്ഥലത്തെത്തി. ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി ബാലകൃഷ്ണൻ ചേനോളിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.