കോര്‍പറേഷനില്‍ നികുതി പിരിവ് 63 ശതമാനത്തിലെത്തി: മേയര്‍
1532213
Wednesday, March 12, 2025 5:23 AM IST
കോഴിക്കോട്: കോര്‍പറേഷനില്‍ നികുതി പിരിവ് ഇത്തവണ 63 ശതമാനത്തിലെത്തിയതായി മേയര്‍ ഡോ.ബീന ഫിലിപ്പ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നികുതി ഇനത്തില്‍ മൊത്തം സമാഹരിക്കേണ്ട 137.94 കൂടി രൂപയില്‍ 63 ശതമാനമായ 86 കോടി രൂപ തനത് വരുമാനത്തിലേക്ക് സമാഹരിക്കാന്‍ സാധിച്ചു.
പുറമെ പ്രഫഷണല്‍ ടാക്സ് ഇനത്തില്‍ 72 ശതമാനം തുകയും പിരിച്ചെടുത്തു. ഡിമാന്റ് നോട്ടീസ് വിതരണത്തോടൊപ്പം നിലവിലെ കെട്ടിട ഉടമകളുടെ ഫോണ്‍ നമ്പര്‍ അടക്കുമുള്ള വിശദാംശങ്ങളും കോര്പ്പറേഷന് ശേഖരിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് അടുത്ത വര്‍ഷം മുതല്‍ ഡിമാന്റ് നോട്ടീസ് ഓണ്‍ലൈന്‍ ആയി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായി അവര്‍ പറഞ്ഞു.ഇതോടെ 100 ശതമാനം നികുതിദായകര്‍ക്കും ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം മുഖേന നികുതി ഒടുക്കുന്നതിന് സാധിക്കും.
എന്നാല്‍, കോര്പ്പറേഷന് പ്രവര്‍ത്തനങ്ങളോട് മുഖം തിരിച്ച്, വലിയ കുടിശിക നിലനില്‍ക്കുന്ന 2500 ലധികം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആകെ 33 കോടി കുടിശികയുണ്ട്. ഈ കെട്ടിടങ്ങള്‍ക്കെതിരേ മുനിസിപ്പല്‍ ആക്ട് നിഷ്കര്‍ഷിക്കുന്ന പ്രകാരം ജപ്തി, പ്രോസിക്യൂഷന് നടപടികള്‍ ഉടന്‍ ആരംഭിക്കും.
ആദ്യഘട്ടമായി ഡിമാന്‍ഡ് നോട്ടീസ് വിതരണം രണ്ടാം ഘട്ടമായി റവന്യൂ റിക്കവറി നോട്ടീസ് വിതരണം എന്നിവ പൂര്‍ത്തിയായി കഴിഞ്ഞു. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനം നികുതി പിരിവ് പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തനത് വരുമാന സ്രോതസിന്റെ സിംഹഭാഗവും വസ്തുനികുതിയിലൂടെ ആണ് ലഭ്യമാകുന്നത്.
വസ്തു നികുതി കുടിശിക നില നിന്നിരുന്ന 1,66,500 ലധികം വരുന്ന കെട്ടിട ഉടമകള്‍ക്കും മുഴുവന്‍ സംവിധാനവുമുപേയോഗിച്ച് ഡിമാന്റ് നോട്ടീസ് വിതരണം നടത്തി. മാര്‍ച്ച് 31 വരെ കൂടുതല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.
ഇതോടൊപ്പം ഏപ്രില്‍ ഒന്നു മുതല്‍ സാമ്പത്തിക വര്‍ഷം ആദ്യ 30 ദിവസത്തിനകം ഒറ്റ തവണയായി നികുതി അടവാക്കുന്നവര്ക്ക് വാര്‍ഷിക നികുതിയുടെ അഞ്ച് ശതമാനം സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മേയര്‍ ആവശ്യപ്പെട്ടു. സെക്രട്ടറി കെ.യു. ബിനിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.