പുറക്കാമല ക്വാറി ഖനന നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു
1532203
Wednesday, March 12, 2025 5:08 AM IST
പേരാമ്പ്ര: പുറക്കാമലയിൽ ക്വാറി ഖനനം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഇക്കാര്യത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളോടും കോഴിക്കോട് ജില്ലാ കളക്ടറോടും മൂന്നാഴ്ചയ്ക്കകം കോടതി റിപ്പോർട്ട് ആവശ്യപ്പട്ടിട്ടുമുണ്ട്.
ജില്ലാ ജിയോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമെ ഖനനം നടത്താവൂയെന്ന രണ്ട് മാസം മുമ്പുള്ള ഹൈക്കോടതി വിധിക്ക് വില കല്പിക്കാത്ത ക്വാറി ഉടമകൾക്കും അവർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘവും നടത്തുന്ന അക്രമങ്ങൾക്ക് കൂട്ട് നിന്ന് നടപടികളുമായി മുന്നോട്ട് പോയ മേപ്പയ്യൂർ പോലീസിനും താക്കീതാണ് ഈ സ്റ്റേ.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ, പരിസ്ഥിതി ആഘാത പഠന അഥോറിറ്റി, കോഴിക്കോട് ജില്ലാ കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, മേപ്പയ്യൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും എതിർ കക്ഷി ക്വാറി ഉടമ ബാലൻ എന്നിവർക്കും നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവായി.
15 വയസ്കാരനായ വിദ്യാർഥിയെ പോലും പോലീസ് വാനിലേക്ക് എടുത്തെറിയുകയും പുലർച്ചെ വീടുകളിൽ കയറി അതിക്രമം കാട്ടുകയും ചെയ്ത പോലീസ് നടപടികൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്റ്റേ നിലനിർത്താനാവശ്യമായ നിയമ നടപടികളുമായി പുറക്കാമല സംരക്ഷണ സമിതി മുന്നോട്ട് പോവുമെന്നു ഭാരവാഹികൾ പറഞ്ഞു.