വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം: ടി.എം. ജോസഫ്
1532222
Wednesday, March 12, 2025 5:30 AM IST
കൂരാച്ചുണ്ട്: കേരളത്തിലെ മലയോര കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി തീർന്നിരിക്കുന്ന 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഉടൻ ഭേദഗതി ചെയ്യണമെന്ന് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് പറഞ്ഞു. കൂരാച്ചുണ്ടിൽ നടന്ന കേരള കോൺഗ്രസ് -എം ബാലുശേരി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് 27-ന് ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ചിനോടനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് നയിക്കുന്ന മലയോര ജാഥയ്ക്ക് 14ന് ബാലുശേരി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുവാൻ കൺവൻഷൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിമാരായ കെ.എം. പോൾസൺ, റോയ് മുരിക്കോലി, ബോബി ഓസ്റ്റിൻ, ജോസഫ് വെട്ടുകല്ലേൽ, കെ.കെ. സന്തോഷ്, വിൽസൺ പാത്തിച്ചാലിൽ, സിനി സിജോ, എം.ടി. രാഘവൻ, കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.ടി. സനീഷ്, സ്റ്റീഫൻ ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.