ചൂട് കുറയ്ക്കാൻ ഹീറ്റ് ആക്ഷൻ പദ്ധതിയുമായി മൂടാടി പഞ്ചായത്ത്
1532225
Wednesday, March 12, 2025 5:30 AM IST
കോഴിക്കോട്: ചൂട് കുത്തനെ കൂടുമ്പോൾ പരിഹാരം തേടി മൂടാടി പഞ്ചായത്ത് ഹീറ്റ് ആക്ഷൻ പദ്ധതി തയാറാക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സഹകരണത്തോടെയാണ് ഹീറ്റ് ആക്ഷൻ പദ്ധതി തയാറാക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൂട് ഏതൊക്കെ വിധത്തിൽ പ്രതിരോധിക്കാൻ കഴിയുമെന്ന ആലോചനയാണ് പദ്ധതിയിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്നത്.
പെട്ടെന്ന് ചെയ്യേണ്ട പ്രവർത്തനങ്ങളും ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിൽ വരുത്തേണ്ട കാര്യങ്ങളും വിഭാവനം ചെയ്യുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ച് ചൊവ്വാഴ്ച നടത്തിയ എകദിന ശില്പശാല കില മുൻ ഡയറക്ടറും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അംഗവുമായ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടർ ഇ. അനിത കുമാരി, സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഹസാർഡസ് അനലിസ്റ്റ് ഫഹദ്, ആർക്കിടെക്റ്റ് ആര്യ നരേന്ദ്രൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.