വിമാനത്താവളങ്ങള്‍ വഴി ലഹരിക്കടത്ത് : ആധുനിക സംവിധാനങ്ങളില്ലാതെ കസ്റ്റംസ്
1532207
Wednesday, March 12, 2025 5:08 AM IST
കോഴിക്കോട്: സ്വര്‍ണ കടത്തിനെ ‘രണ്ടാമതാക്കി' വിമാനത്താവളങ്ങള്‍ വഴി ലഹരിമരുന്നുകള്‍ എത്തുമ്പോഴും പിടികൂടാന്‍ കസ്റ്റംസിന് ആധുനിക സജ്ജീകരണങ്ങളില്ല.വലിയ ലഗേജുകള്‍ക്കുള്ളില്‍ ചെറിയ അളവില്‍ കടത്തുന്ന, ഗന്ധമില്ലാത്ത പുതുതലമുറ മയക്കുമരുന്നുകള്‍ കണ്ടെത്തുക എളുപ്പമല്ല.
സ്വര്‍ണക്കടത്ത് തടയുന്നതിന് മെറ്റല്‍ ഡിറ്റക്ടറുകളും എക്സ്റേ സ്കാനിങ്ങുമെല്ലാം വിമാനത്താവളങ്ങളിലുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, ലഗേജുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്താന്‍ വിമാനത്താവളങ്ങളില്‍ കസ്റ്റംസിന് നിര്‍വാഹമില്ല. പരിശീലനം സിദ്ധിച്ച നായകളെ ഉപയോഗിച്ചാണ് പരമ്പരാഗത ലഹരിമരുന്ന് കണ്ടെത്തുന്നത്.മുന്‍കൂട്ടി വിവരംലഭിക്കുന്ന കേസുകളിലെ ലഗേജുകളും സംശയമുള്ളവയുമാണ് പരിശോധിക്കുക.
സംശയമുള്ള വസ്തുക്കള്‍ പിടികൂടിയാല്‍ത്തന്നെ പരിശോധിച്ച് ലഹരിമരുന്ന് തന്നെയാണോയെന്ന് പെട്ടെന്ന് ഉറപ്പാക്കാനും സംവിധാനമില്ല. വിമാനത്താവളങ്ങൾ വഴിയുള്ള കള്ളക്കടത്ത് തടയുന്നതിന്റെ ചുമതല പ്രധാനമായും കസ്റ്റംസിനാണ്.നിലവില്‍ റോഡ് മാര്‍ഗവും ട്രെയിന്‍വഴിയും പാഴ്സല്‍ സംവിധാനം വഴിയുള്ള ലഹരിക്കടത്ത് അനുദിനമെന്നോണം പിടിക്കപ്പെടുന്നുണ്ട്.
ഇതിനിടയിലാണ് ആകാശമാര്‍ഗമുള്ള ലഹരിക്കടത്തും ഉദ്യോഗസ്ഥരെ ചുറ്റിക്കുന്നത്.
ഇറക്കുമതിത്തീരുവ കുറച്ചതോടെ സ്വര്‍ണക്കടത്തില്‍നിന്നുള്ള ലാഭം കുറഞ്ഞതും ലഹരിക്കടത്തിലേക്ക് കൂടുതല്‍ സംഘങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. വിദേശത്ത് കുറഞ്ഞചെലവില്‍ എംഡിഎംഎ ലഭിക്കും.
കടത്തിക്കൊണ്ടുവരാനും എളുപ്പമാണ്. നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തിച്ച് കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്തുന്നുണ്ട്. തായ്ലാന്ഡില് നിന്ന് വലിയതോതില്‍ എംഡിഎംഎ എത്തുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ നെടിയുറുപ്പ് ചിറയില്‍ മൂക്കൂട് മുള്ളന്‍മടയ്ക്കല്‍ ആഷിഖ് ഒമാനില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എംഡിഎംഎ കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് കേരളത്തില്‍ എത്തിച്ചിരുന്നത്. ഭക്ഷ്യ വസ്തുക്കളിലും ഫ്ളാസ്കുകളിലും ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്.