പാളത്തില്‍ നിരത്തിവച്ച കല്ലിലൂടെ ട്രെയിന്‍ കയറിയിറങ്ങി; യുവാവ് പോലീസിന്റെ പിടിയില്‍
1532204
Wednesday, March 12, 2025 5:08 AM IST
കോഴിക്കോട്: പന്നിയങ്കരയില്‍ പാളത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. യുവാവ് അറസ്റ്റില്‍. മറ്റു മൂന്നുപേര്‍ ഒളിവില്‍. കല്ലായി സ്വദേശി മഠത്തില്‍ വീട്ടില്‍ നിഖിലാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി ഒന്പേതമുക്കാലോടുകൂടിയാണ് സംഭവം. വന്ദേഭാരത് എക്സ്പ്രസ് കടന്നുപോയപ്പോള്‍ അസാധാരണ ശബ്ദം കേട്ടിരുന്നു. കരിങ്കല്ലുകള്ക്കുമുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി. ഇക്കാര്യം ലോക്കോപൈലറ്റ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് അധികൃതരെ വിരമറിയിക്കുകയായിരുന്നു. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനിലെത്തും മുമ്പേയായിരുന്നു സംഭവം. വിവരമറിഞ്ഞ് റെയില്‍വേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പന്നിയങ്കര ബസ് സ്റ്റോപ്പിനടുത്തുള്ള പാളത്തിലാണ് കരിങ്കലുകള് കണ്ടത്. പോലീസിനെ കണ്ടപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നാലുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ നിഖിലെ പിന്തുടര്ന്ന് പിടികൂടി. മറ്റു മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്ന് ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി റെയില്‍വേ പോലീസ് പറഞ്ഞു. നിഖിലിന്റെ പേരില്‍ ബേപ്പൂര്‍, മാറാട് പോലീസ് സ്റ്റേഷനുകളില്‍ ലഹരിമരുന്ന് കേസുകളുണ്ട്.